കേരളത്തിലെ ജനസംഖ്യയും വാഹനങ്ങളുടെ എണ്ണവും തമ്മിൽ തട്ടിച്ചു നോക്കിയാൽ മൂന്നിൽ ഒരാൾക്ക് ഒരു വാഹനമുണ്ടെന്നാണ് കണക്ക്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാഹന സാന്ദ്രതയുള്ള സംസ്ഥാനവും കേരളമാണ്. മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തിൽ 1.53 കോടി മോട്ടോർ വാഹനങ്ങളുണ്ടെന്നാണ് കേന്ദ്ര സർക്കാർ കഴിഞ്ഞ ഡിസംബറിൽ ലോകസഭയിൽ വെളിപ്പെടുത്തിയ കണക്ക്. ഇക്കഴിഞ്ഞ അഞ്ചുമാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ കണക്ക് കൂടി എടുത്താൽ എണ്ണത്തിൽ ഇനിയും വർധന ഉണ്ടാകും.
സംസ്ഥാനത്ത് 1000 ആളുകൾക്ക് 432 മോട്ടോർ വാഹനങ്ങളുണ്ടെന്നാണ് കണക്ക്. രാജ്യത്ത് 1000 ആളുകൾക്ക് കേവലം 18 വാഹനങ്ങൾ മാത്രമാണുള്ളതെന്ന കണക്കുമായി താരതമ്യപ്പെടുത്തുമ്പോഴാണ് കേരളത്തിലെ വാഹനപ്പെരുപ്പത്തിന്റെ ചിത്രം ബോധ്യമാകുക. മിക്ക വികസിത രാജ്യങ്ങളെയും കടത്തിവെട്ടുന്നതോ അല്ലെങ്കിൽ അവരോടൊപ്പം നിൽക്കുന്നതോ ആണ് കേരളത്തിലെ വാഹന സാന്ദ്രത. ലോക വികസന സൂചകങ്ങൾ അനുസരിച്ച് ചൈനയിൽ 1000 പേർക്ക് 47 വാഹനങ്ങൾ മാത്രമാണുള്ളത്. ബ്രിട്ടണിൽ 499 ഉം അമേരിക്കയിൽ 507 ഉം ആണ്.
വാഹന സൂചകങ്ങളുടെയും സാന്ദ്രതയുടെയും കാര്യത്തിൽ വലിയ വർധനവാണ് ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിൽ ഉണ്ടായിട്ടുള്ളത്. പ്രതിവർഷം 11 ശതമാനത്തിലേറെയാണ് വാഹനങ്ങളുടെ എണ്ണത്തിലുള്ള വളർച്ച. കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയരുന്നതിനനുസരിച്ച് വാഹനങ്ങളുടെ എണ്ണത്തിൽ ക്രമാതീതമായ വളർച്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 1980 ൽ സംസ്ഥാനത്ത് ആകെയുള്ള മോട്ടോർ വാഹനങ്ങളുടെ എണ്ണം രണ്ട് ലക്ഷത്തിൽ താഴെയായിരുന്നു. 2000 ത്തിൽ ഇത് 19 ലക്ഷമായി ഉയർന്നു. 2015 ൽ 94 ലക്ഷമായി വാഹനങ്ങളുടെ എണ്ണം ഉയർന്നു. 2017 ൽ എണ്ണം 1.10 കോടിയായി ഉയർന്നു. 2022 ആകുമ്പോഴേക്കും ഏതാണ്ട് 45 ലക്ഷത്തിലേറെ വാഹനങ്ങൾ പിന്നെയും പുതുതായി റോഡിലിറങ്ങി.
പുതിയ വാഹനങ്ങളുടെ എണ്ണം വലിയ തോതിൽ വർധിക്കുമ്പോഴും കാലാവധി കഴിഞ്ഞ വളരെ കുറച്ച് വാഹനങ്ങൾ മാത്രമേ പൊളിച്ചു മാറ്റുന്നുള്ളൂ. രാജ്യത്ത് പാസഞ്ചർ വാഹനങ്ങളുടെ കാലാവധി 15 വർഷവും ചരക്കു വാഹനങ്ങളുടെ കാലാവധി 10 വർഷവുമാണ്. എന്നാൽ ഈ കാലാവധിക്ക് ശേഷവും ഫിറ്റ്‌നസ് തൃപ്തികരമാണെങ്കിൽ അഞ്ച് വർഷത്തേക്ക് കൂടി വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നീട്ടി നൽകുന്നതിനുള്ള അധികാരം മോട്ടോർ വാഹന വകുപ്പിനുണ്ട്. ഈ കാലാവധിക്ക് ശേഷം വാഹനങ്ങൾ പൊളിച്ചു കളയുകയും അത് സംബന്ധിച്ച വിവരങ്ങൾ മോട്ടോർ വാഹന വകുപ്പിൽ അറിയിക്കണമെന്നുമാണ് നിയമം. എന്നാൽ ഫിറ്റ്‌നസിന്റെ പേരിൽ ഒന്നിലേറെ തവണ രജിസ്‌ട്രേഷൻ നീട്ടി നൽകുന്ന രീതി മോട്ടോർ വാഹന വകുപ്പ് അനുവർത്തിക്കുന്നുണ്ട്.
15 വർഷത്തിലേറെ പഴക്കമുള്ള ചരക്കു വാഹനങ്ങളും 20 വർഷത്തിലേറെ പഴക്കമുള്ള സ്വകാര്യ വാഹനങ്ങളും പൊളിക്കലിന് വിധേയമാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വർഷം ആഗസ്റ്റിൽ കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. പുതിയ 14 വാഹനങ്ങൾ ഉണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണം പഴക്കം ചെന്ന ഒരു വാഹനം ഉണ്ടാക്കുന്നുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഇത്തരമൊരു ഉത്തരവുണ്ടായത്. കേന്ദ്ര സർക്കാറിന്റെ ഉത്തരവ് പാലിക്കപ്പെടുകയാണെങ്കിൽ കേരളത്തിൽ 22 ലക്ഷത്തോളം വാഹനങ്ങൾ പൊളിച്ചു കളയേണ്ടി വരും. ഉത്തരവ് ഇറങ്ങിയെങ്കിലും പല സങ്കീർണതകൾ ചൂണ്ടിക്കാട്ടി ഇത് ഇനിയും ഉദ്ദേശിച്ച രീതിയിൽ നടപ്പായിട്ടില്ല.
വഹനങ്ങളുടെ അമിതമായ പെരുപ്പം കേരളത്തെ വലിയ പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. സംസ്ഥാനത്തെ റോഡുകൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിന്റെ എത്രയോ ഇരട്ടിയാണ് വാഹനങ്ങളുടെ എണ്ണം. സംസ്ഥാനത്തെ മൊത്തം വാഹനങ്ങളുടെ 67 ശതമാനവും ഇരുചക്ര വാഹനങ്ങളാണ്. കാറുകൾ ഉൾപ്പെടെയുള്ള നാല് ചക്ര വാഹനങ്ങളും മറ്റ് ചരക്ക് വാഹനങ്ങളും 22 ശതമാനത്തോളം വരും. 2021 ൽ 7,65,218 പുതിയ വാഹനങ്ങളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തത്. 2020 ൽ 6,40,467 ഉം 2019 ൽ 9,13,510 ഉം മോട്ടാർ വാഹനങ്ങൾ സംസ്ഥാനത്ത് പുതുതായി നിരത്തിലിറങ്ങിയിട്ടുണ്ടെന്നാണ് കണക്ക്.
സ്വകാര്യ വാഹനങ്ങളുടെ എണ്ണം വലിയ തോതിൽ വർധിക്കുമ്പോഴും ടാക്‌സി കാർ, ഓട്ടോ, ബസ് തുടങ്ങിയ പൊതു ഗതാഗത വാഹനങ്ങളുടെ എണ്ണം കുറയുകയാണെന്നതാണ് ശ്രദ്ധേയമായ കാര്യം. 2018 ൽ കേരളത്തിൽ 11,255 ടാക്‌സി കാറുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇത് 2019 ൽ 7962 ആയി കുറഞ്ഞു. 2020 ആകുമ്പോഴേക്കും വലിയ കുറവാണ് പുതിയ ടാക്‌സി കാറുകളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. കേവലം 987 ടാക്‌സി കാറുകൾ മാത്രമാണ് 2020 ൽ രജിസ്റ്റർ ചെയ്തത്. 2021 ആകുമ്പോഴേക്കും ഇത് 755 ആയി കുറഞ്ഞു. 2019 ൽ 24,850 ഓട്ടോകൾ രജിസ്റ്റർ ചെയ്തിടത്ത് 2021 ൽ എത്തിയപ്പോൾ ഇത് 7763 ആയി കുറഞ്ഞു. ബസുകളുടെ എണ്ണത്തിലും കുറവുണ്ട്. കെ.എസ്.ആർ.ടി.സി ഉൾപ്പെടെ 27,000 ത്തോളം ബസുകളാണ് കേരളത്തിലുള്ളത്.
ആളുകൾ കൂടുതലായി സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ചു തുടങ്ങിയതാണ് ഓട്ടോറിക്ഷകളുടെയും ടാക്‌സി കാറുകളുടെയും എണ്ണം കുറയാൻ കാരണം.
വാഹനപ്പെരുപ്പത്തെ ഉൾക്കൊള്ളാൻ കേരളത്തിലെ റോഡുകൾക്ക് കഴിയാത്തത് മൂലമുള്ള ഗതാഗത തടസ്സം കാരണം മണിക്കൂറുകളോളം നിരത്തുകളിൽ കുടുങ്ങുന്ന അവസ്ഥയുണ്ട്. മാത്രമല്ല വലിയ തോതിലുള്ള ഇന്ധന നഷ്ടവും സംഭവിക്കുന്നു. വായു മലിനീകരണമാണ് മറ്റൊരു പ്രധാന പ്രശ്‌നം. രാജ്യത്തെ മെട്രോ നഗരങ്ങളെ അപേക്ഷിച്ച് വാഹനങ്ങളിൽ നിന്നുള്ള വിഷ പുക മൂലം കേരളത്തിൽ വായുമലിനീകരണം താരമമ്യേന കുറവാണെങ്കിലും വാഹനപ്പെരുപ്പം കാരണം മലിനീകരണത്തിന്റെ തോത് ഉയർന്നുകൊണ്ടിരിക്കുന്നത് വലിയ ആശങ്ക ഉയർത്തുന്നുണ്ടെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
വാഹനാപകടങ്ങളുടെ കാര്യത്തിലും കേരളം ഏറെ മുന്നിലാണ്. ഈ വർഷം മാർച്ച് വരെയുള്ള മൂന്ന് മാസക്കാലയളവിൽ സംസ്ഥാനത്ത് നടന്ന 11,026 വാഹനാപകടങ്ങളിൽ 1092 പേർ മരിക്കുകയും 12,219 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2021 ൽ നടന്ന 33,296 വാഹനാപകടങ്ങളിൽ 3429 പേർക്കാണ് ജീവൻ നഷ്ടമായത്. 40,204 പേർക്ക് പരിക്കേറ്റു. 2020 ൽ ആകെ 27,877 അപകടങ്ങളാണ് നടന്നത്. 2979 പേരാണ് മരിച്ചത്. 30,510 പേർക്ക് പരിക്കേറ്റു. 2016 മുതൽ 2022 മാർച്ച് വരെയുള്ള അഞ്ച് വർഷ കാലയളവിൽ സംസ്ഥാനത്ത് 2,31,381 അപകടങ്ങളാണ് നടന്നതെന്നാണ് സംസ്ഥാന പോലീസിന്റെ കണക്ക്. ഇതിൽ 24,661 പേർക്ക് ജീവൻ നഷ്ടമാകുകയും 2,61,225 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.