കാൽപ്പന്തുകളിയുടെ അപ്രവചനീയത നടമാടിയ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ അവസാന രാവിൽ സിറ്റിയുടെ നിറഞ്ഞചിരി. ആൻഫീൽഡിൽ ചെമ്പടയുടെ ചിതറിയ സ്വപ്നം. ആരവങ്ങളലടകടലായ എത്തിഹാദിൽ 2021-22 സീസൺ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടമുയർത്തി സിറ്റി നിറഞ്ഞാടി.
മാഞ്ചസ്റ്റർ സിറ്റിയുടെ ആറാം ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം. മരണം പലകുറി കടന്നുപോയ എത്തിഹാദിൽ ഉയിർത്തെഴുന്നേറ്റ് ഇതാ സിറ്റിയുടെ അശ്വമേധം. ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ മാഞ്ചസ്റ്റർ സിറ്റിയെന്ന പേര് ഒരിക്കൽകൂടി അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു.
അത്യന്തം ആവേശത്തോടെയാണ് 2021-22 ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ അവസാനദിനം തുടങ്ങിയത്. അവസാനദിനമായതിനാൽ ലീഗിലെ എല്ലാ മത്സരങ്ങളും ഒരേ സമയമാണ് നടന്നത്. മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ജീവൻമരണപോരാട്ടത്തിനൊരുങ്ങിയാണ് മൈതാനത്ത് ഇറങ്ങിയത്. ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി ഇരു ടീമുകളുടേയും മത്സരങ്ങൾ തുടങ്ങി. എത്തിഹാദിൽ മാഞ്ചസ്റ്റർ സിറ്റി ആസ്റ്റൺ വില്ലയെയും ആൻഫീൽഡിൽ ലിവർപൂൾ വോൾവ്സിനെയും നേരിടുന്നു.
കൊടിതോരണങ്ങളും ബാനറുകളും കൊണ്ട് ചെങ്കോട്ടയായി മാറിയ ആൻഫീൽഡ് മൂന്നാം മിനിറ്റിൽ ഞെട്ടിത്തരിച്ചു. പെഡ്രോ നെറ്റോയുടെ ഗോളിലൂടെ വോൾവ്സ് മുന്നിലെത്തി. ആൻഫീൽഡ് വലിയ നിശബ്ദതയിലേക്ക് ഉൾവലിഞ്ഞു. എത്തിഹാദിൽ ആരവങ്ങളുയർന്നു. പക്ഷേ ചെമ്പട തളർന്നില്ല. അവർ മുന്നേറ്റങ്ങൾക്ക് മൂർച്ച കൂട്ടി. കിരീടപ്രതീക്ഷകളെ സജീവമാക്കി ലിവർപൂൾ സമനില ഗോൾ നേടി. 24-ാം മിനിറ്റിൽ സാദിയോ മാനെയാണ് വലകുലുക്കിയത്. അപ്പോഴും സിറ്റിയും ആസ്റ്റൺ വില്ലയും ഗോൾരഹിത സമനിലയിൽ തന്നെ തുടർന്നു.
ഗോൾ നേടാനായി സിറ്റി മുന്നേറിക്കൊണ്ടേയിരുന്നു.പക്ഷേ പെട്ടെന്നൊരു നിമിഷം എത്തിഹാദ് നിശ്ചലമായി. സിറ്റിയുടെ ഹൃദയം തുളച്ച് വില്ല പ്രതിരോധനിരക്കാരൻ മാറ്റി കാഷിന്റെ ഹെഡർ ഗോൾ. സിറ്റി വലിയ പ്രതിരോധത്തിലേയ്ക്ക് വീണു. ഇരുടീമുകൾക്കും 90 പോയന്റ്. ഗോൾ വ്യത്യാസത്തിന്റെ ആനുകൂല്യത്തിൽ മാത്രം സിറ്റി ഒന്നാമത് നിൽക്കുന്നു. ലിവർപൂൾ ഒരു ഗോൾ കൂടി നേടിയാൽ പട്ടികയിൽ മുന്നിലെത്തും. സിറ്റിക്ക് ജയിക്കാൻ രണ്ട് ഗോളുകൾ നേടണം.
രണ്ടാം പകുതിയിൽ പന്തുരുണ്ട് തുടങ്ങിയതും ഗോൾ നേടുകയെന്ന ഒറ്റ ലക്ഷ്യവുമായാണ്. 50-ാം മിനിറ്റിൽ സാദിയോ മാനെ വലകുലുക്കിയെങ്കിലും ഓഫ്സൈഡായിരുന്നു. സൂപ്പർതാരം മുഹമ്മദ് സലയെ കളത്തിലിറക്കി ലിവർപൂൾ ആക്രമണങ്ങൾക്ക് വീണ്ടും മൂർച്ച കൂട്ടി. അവർ ഗോളിനായി വോൾവ്സിന്റെ പെനാൽറ്റി ബോക്സിൽ പലകുറി കയറിയിറങ്ങി.
എത്തിഹാദിനെ വീണ്ടും നിശബ്ദമാക്കി ആസ്റ്റൺ വില്ല രണ്ടാം ഗോളും നേടി. എല്ലാവരും ലിവർപൂളിനെ ഉറ്റുനോക്കി. ജയിച്ചാൽ ചെമ്പടയ്ക്ക് കിരീടമാണ്. അതിനിടയിൽ സിറ്റി ഒരു ഗോൾ മടക്കി. 76-ാം മിനിറ്റിൽ ഇക്കായി ഗുൺഡോഗനാണ് ഗോൾ നേടിയത്. സിറ്റിക്ക് വിജയിക്കണമെങ്കിൽ രണ്ടു ഗോൾ നേടണം. മുന്നേറ്റങ്ങൾക്കൊടുവിൽ സിറ്റി വീണ്ടും വലകുലുക്കി. ഇരു ടീമുകളും രണ്ട് ഗോൾ നേടി സമനിലയിൽ. പോയന്റ് പട്ടികയിൽ അപ്പോഴും ഒരു പോയന്റിനാണ് സിറ്റി മുന്നിട്ടു നിന്നത്.കെബില്‍, ലിവർപൂൾ ഒരു ഗോൾ നേടിയാൽ അവർ മുന്നിലെത്തുമെന്നുളള അവസ്ഥ.
പക്ഷേ മാഞ്ചസ്റ്റർ സിറ്റി പോരാട്ടം അവസാനിപ്പിച്ചില്ല. ചെമ്പടയുടെ സ്വപ്നങ്ങളെ തകർത്തുകൊണ്ട് മൂന്നാം ഗോൾ നേടി. എത്തിഹാദ് ആവേശത്തിന്റെ പരകോടിയിലേക്ക് വലിച്ചെറിയപ്പെട്ടു. സ്വപ്നങ്ങൾ വീണ്ടെടുത്ത മറ്റൊരു രാത്രിയുടെ പിറവി.
അവസാനവിസിലിനൊടുക്കം ആറാം ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിൽ സിറ്റിയുടെ മുത്തം.