സ്വകാര്യ ബാങ്കിൽ പൂജ നടത്തി കോടികളുടെ സ്വർണം കവർന്ന കേസിലെ പ്രതി പിടിയിൽ

 കൊല്ലം | വിളക്ക് തെളിയിച്ച് പൂജ നടത്തിയ ശേഷം കൊല്ലം പത്തനാപുരത്തെ സ്വകാര്യ ധനകാര്യസ്ഥാപനത്തിൻ നിന്ന് കോടികളുടെ സ്വർണം കവർന്ന പ്രതിയെ പൊലീസ് പിടികൂടി. പത്തനാപുരം പാടം സ്വദേശി ഫൈസൽരാജ് ആണ് അറസ്റ്റിലായത്. പൊലീസ് പിൻതുടരുന്നതറിഞ്ഞ് പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ പ്രതി കീഴടങ്ങുകയായിരുന്നു. 

പന്ത്രണ്ട്‌ വര്‍ഷമായി പത്തനാപുരം ജനതാ ജംക് ഷനില്‍ പ്രവര്‍ത്തിക്കുന്ന പത്തനാപുരം ബാങ്കേഴ്സ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് കഴിഞ്ഞ മേയ് പതിനഞ്ചിന് മോഷണം നടന്നത്. പത്തനാപുരം പിടവൂര്‍ സ്വദേശി രാമചന്ദ്രന്‍നായരുടെ ഉടമസ്ഥതയിലുളള  സ്ഥാപനത്തില്‍ സിസിടിവി സ്ഥാപിച്ചിട്ടില്ലാത്തതിനാല്‍ മൊബെൽടവർ ലൊക്കേഷനിലാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത് .

തമിഴ് ദേവന് പൂജ ചെയ്ത ശേഷം നടന്ന മോഷണമായതിനാല്‍ തിരുട്ട് ഗ്രാമത്തിലുളള അന്തര്‍ സംസ്ഥാന  സംഘമാണോ എന്ന സംശയം പൊലീസിന് ഉണ്ടായിരുന്നു. പൊലീസ് പിൻതുടർന്നതിനെ തുടർന്ന് പത്തനംതിട്ട സ്റ്റേഷനിൽ പ്രതി കീഴടങ്ങുകയായിരുന്നു. തെളിവെടുപ്പിന് എത്തിച്ച പ്രതിയെ കാണാൻ വലിയ ജനാവലി പത്തനാപുരത്ത് തടിച്ച് കൂടിയിരുന്നു.

 കുമ്പഴ അച്ചൻകോവിലാറിന്റെ തീരത്ത് മരത്തിൽ കെട്ടിതൂക്കിയ നിലയിൽ കവർന്ന സ്വർണാഭരങ്ങൾ പൊലീസ് കണ്ടെത്തി. ബാങ്കിന്റെ പൂട്ട് തകർക്കാൻ ഉപയോഗിച്ച ഇരുമ്പ് കമ്പിയും ബാങ്കിന് സമീപത്തെ കാടിനുള്ളിൽ നിന്ന് കണ്ടെടുത്തു. പ്രതി ഫൈസൽ രാജിനെ കവർച്ച നടന്ന ബാങ്കിലും സമീപത്തും എത്തിച്ച്  തെളിവെടുപ്പ് നടത്തി. മോഷണത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു

Previous Post Next Post
WhatsApp