![]() |
കോഴിക്കോട് | മോഷ്ടിച്ച ന്യൂജെൻ ബൈക്കുകളിൽ കറങ്ങി രാത്രി ആരാധനാലയങ്ങളിൽ മോഷണം നടത്തുന്ന മൂന്നംഗ സംഘം പിടിയിൽ. ചക്കുംകടവ് അമ്പലത്താഴം എംപി ഹൗസിൽ മുഹമ്മദ് ഷിഹാൽ, ചക്കുംകടവ് അമ്പലത്താഴം എംപി ഹൗസിൽ ഫാസിൽ, കുറ്റിക്കാട്ടൂർ കുഴ്മഠത്തിൽ മീത്തൽ മുഹമ്മദ് തായിഫ് എന്നിവരെയാണ് ടൗൺ എസി പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും എലത്തൂർ പൊലീസും പിടികൂടിയത്.
മാറാട് താഴത്തുംകണ്ടി ക്ഷേത്രത്തിൽ മോഷണം നടത്തിയ സംഘമാണ് പിടിയിലായത്. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ക്ഷേത്രങ്ങളിലും മോഷണം നടത്തിയതായി പ്രതികൾ മൊഴി നൽകി. കഴിഞ്ഞ ദിവസം സംസ്ഥാനതലത്തിലുള്ള വാഹനമോഷണ സംഘത്തിലെ മുഖ്യ ആസൂത്രകനെ ക്രൈം സ്ക്വാഡ് പിടികൂടിയിരുന്നു. തുടർന്നാണ് സിറ്റിയിലെ വാഹനമോഷണ സംഘങ്ങളെ നിരീക്ഷിച്ചത്.
പാലോറ മലയിലുള്ള വീടിന്റെ മുറ്റത്തു നിർത്തിയിട്ടിരുന്ന പൾസർ ബൈക്കാണ് മോഷണം നടത്തുന്നതിനായി ഇവർ കൈക്കലാക്കിയത്.പ്രതികളിൽനിന്ന് ഈ ബൈക്കും കണ്ടെടുത്തു. ആരാധനാലയങ്ങളിലെ മോഷണത്തിനുശേഷം വാഹനം റോഡരികിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലും ഉപേക്ഷിക്കുകയാണ് പതിവ്.
