'ഭീഷ്മ'വേട്ട തുടരുന്നു;ആഗോളകളക്ഷൻ 80 കോടിയിലേക്ക്

  കേരളത്തിൽ മാത്രം വാരിക്കൂട്ടിയത് 40 കോടിക്ക് മുകളിൽ

ബോക്സ്ഓഫീസിൽ വിജയഗാഥ തുടർന്ന് മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപർവം. കേരളത്തിലെ മാത്രം ബോക്സ്ഓഫിസിൽ നിന്നും 40 കോടിക്ക് മുകളിലാണ്  ചിത്രം ഇതിനോടകം സ്വന്തമാക്കിയത്. ചിത്രത്തിന്റെ ആഗോള കലക്‌ഷൻ  80 കോടിയിലേക്ക് അടുക്കുന്നു . തമിഴിലെ പ്രശസ്ത ട്രേഡ് അനലിസ്റ്റ് കൗശിക് എൽ.എം. ആണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്.

ഇതിനോടകം മറ്റു ചില റെക്കോർഡുകൾ കൂടി സ്വന്തമാക്കിയിട്ടുണ്ട് ഭീഷ്മപർവം. സിനിമയുടെ ഓസ്ട്രേലിയ–ന്യൂസീലൻഡ് രാജ്യങ്ങളിലെ റിലീസിന്റെ അവകാശം റെക്കോർഡ് തുകയ്ക്ക് വിറ്റുപോയിരുന്നു. ഒരു മലയാള സിനിമക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കോപ്പി റൈറ്റ് തുകയാണ് ഭീഷ്മപർവത്തിന് ലഭിച്ചതെന്ന് അണിയറക്കാർ വ്യക്തമാക്കിയിരുന്നു.

 ആദ്യ ദിനം മൂന്ന് കോടിക്ക് മുകളിൽ ഭീഷ്മപർവം നേടിയിരുന്നു. 406 സ്‌ക്രീനുകളിലായി 1775 ഷോകളാണ് റിലീസ് ദിനത്തില്‍ ഭീഷ്മപര്‍വത്തിന് ഉണ്ടായിരുന്നത്.ആദ്യ നാല് ദിവസങ്ങൾ കൊണ്ട് ചിത്രം എട്ട് കോടിക്ക് മുകളിൽ ഷെയർ നേടിയെന്ന് ഫിയോക് പ്രസിഡന്റ് പറഞ്ഞിരുന്നു. കോവിഡ് പ്രതിസന്ധിക്കു ശേഷം കേരളത്തിലെ തിയറ്ററുകളിൽ ഇത്രയധികം ആവേശം കൊണ്ടുവന്ന സിനിമ വേറെ ഇല്ലെന്നും അദ്ദേഹം പറയുന്നു. ഇപ്പോഴും എല്ലാ തിയറ്ററിലും ഹൗസ് ഫുൾ ആയി തുടരുകയാണ് സിനിമ.
Previous Post Next Post
WhatsApp