നൂറുകണക്കിന് ടാങ്കുകളും റോക്കറ്റ് വിക്ഷേപിണികളും ഇന്ധനടാങ്കുകളും നിരവധി വാഹനങ്ങളും പടക്കോപ്പുകളും സൈനിക വ്യൂഹത്തിലുണ്ടെന്നാണ് വിവരം. യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് 32 കിലോമീറ്റര്‍ അകലെ തെക്കന്‍ ബെലാറുസില്‍ കൂടുതല്‍ സൈനികരും ഹെലികോപ്റ്ററുകളും നിലയുറപ്പിച്ചതായും യുഎസ് കമ്പനി പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.
കീവില്‍ വരുംമണിക്കൂറുകളില്‍ റഷ്യ ശക്തമായ അക്രമണം നടത്തിയേക്കുമെന്നാണ് ഉപഗ്രഹ ചിത്രങ്ങള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി പൂര്‍ണ ശക്തിയില്‍ മാരകമായ മിസൈലുകള്‍ ഉള്‍പ്പെടെയുള്ളവ യുക്രൈന് മേല്‍ റഷ്യ പ്രയോഗിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ആക്രമണം രൂക്ഷമാകുന്ന സാചര്യത്തില്‍ കീവിലെ ഇന്ത്യന്‍ എംബസി അടച്ചിട്ടുണ്ട്. കീവിലെ ഇന്ത്യക്കാർ ഇന്നുതന്നെ നഗരം വിടണമെന്ന നിര്‍ദേശം നേരത്തെ ഇന്ത്യന്‍ എംബസി നല്‍കിയിരുന്നു. കീവ് നഗരം വിടാന്‍ യുക്രൈന്‍ പൗരന്‍മാര്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ തിരക്കുകൂട്ടുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
കീവിലെ നഗരാതിര്‍ത്തികളിലും ഷെല്ലാക്രമണം തുടരുകയാണ്. യുദ്ധത്തിന്റെ ആറാംദിനം ഹര്‍കീവിലാണ് റഷ്യന്‍ സേന കൂടുതല്‍ പ്രഹരമേല്‍പ്പിച്ചത്. നഗരത്തിലെ സ്വാതന്ത്ര്യചത്വരത്തിലെ മിസൈലാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടെന്നും 35 പേര്‍ക്ക് പരിക്കേറ്റെന്നും യുക്രൈന്‍ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടതും ഹര്‍കീവിലായിരുന്നു.
നേരത്തെ കീവിനും രാജ്യത്തെ രണ്ടാമത്തെ നഗരമായ ഹാര്കീവിനും ഇടയിലുള്ള നഗരമായ ഒഖ്തിര്കയിലുള്ള സൈനിക താവളത്തിന് നേരെയുണ്ടായ ആക്രമണത്തില് 70 ലധികം സൈനികര് കൊല്ലപ്പെട്ടിരുന്നു. സൈനിക താവളം സ്ഥിതിചെയ്തിരുന്ന നാലു നില കെട്ടിടം നിലംപരിശായി. ഒരുഭാഗത്ത് യുദ്ധം കടുക്കുമ്പോഴും സമാധാന ശ്രമങ്ങളും ഊര്ജിതമായി പുരോഗമിക്കുകയാണ്. റഷ്യയും യുക്രൈനും തമ്മിലുള്ള രണ്ടാം ഘട്ട ചര്ച്ചകള് ബുധനാഴ്ച നടക്കും.
തിങ്കളാഴ്ച നടന്ന ആദ്യഘട്ട ചര്ച്ചകളില് കാര്യമായ ഫലമുണ്ടാകാത്തതിനേ തുടര്ന്നാണ് രണ്ട് ദിവസത്തിന് ശേഷം വീണ്ടും യോഗം ചേരാന് തീരുമാനിച്ചത്. വ്യാഴാഴ്ച ആരംഭിച്ച റഷ്യന് അധിനിവേശത്തിനിടെ ഇതുവരെ 352 സാധാരണക്കാര് കൊല്ലപ്പെട്ടിട്ടുണ്ടെന്ന് യുക്രൈന് അവകാശപ്പെട്ടു. ഇതില് 14 കുട്ടികളും ഉള്പ്പെടുന്നു.
content highlights: 64-km-long russian military convoy heads for kyiv, show satellite images