കടുവാ ഭീതിയിൽ വീണ്ടും വയനാട് -പട്ടാപ്പകല്‍ കടുവ പശുക്കിടാവിനെ ആക്രമിച്ചു

കൽപ്പറ്റ | കഴിഞ്ഞ ദിവസം ദേശീയപാതക്കരികില്‍ കടുവയെ കണ്ട നായ്‌ക്കെട്ടി പ്രദേശത്തെ ഭീതി അകലുന്നില്ല. ദിവസങ്ങള്‍ക്ക് മുമ്പ് കാര്‍ യാത്രികര്‍ വീഡിയോ പകര്‍ത്തിയ സ്ഥലത്ത് നിന്ന് മാറി എറളോട്ടുകുന്ന് എന്ന പ്രദേശത്ത് ഇന്ന് പട്ടാപ്പകല്‍ കടുവ പശുക്കിടാവിനെ ആക്രമിച്ചതോടെ ജനങ്ങള്‍ അങ്ങേയറ്റം ആശങ്കയിലായിരിക്കുകയാണ്.

രാവിലെ പത്ത് മണിയോടെ ഏറളോട്ടുകുന്ന് മേലോത്ത് പത്മനാഭന്റെ പശുക്കിടാവിനെയാണ് കടുവ ആക്രമിച്ചത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഒച്ചവെച്ചതിനെ തുടര്‍ന്ന് കടുവ രക്ഷപ്പെടുകയായിരുന്നു. പശുക്കിടാവിന്റെ കഴുത്തിലും മുതുകിലുമാണ് പരിക്കേറ്റിരിക്കുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് തന്നെ പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

നായ്ക്കള്‍ അസാധാരണമായി കുരയ്ക്കുന്നത് കേട്ടാണ് ഇക്കാര്യം മനസിലായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കാപ്പിത്തോട്ടമോ മറ്റോ താവളമാക്കിയിരിക്കാമെന്നുമാണ് നാട്ടുകാരില്‍ ചിലര്‍ ആരോപിക്കുന്നത്. പകല്‍സമയങ്ങളില്‍ കാപ്പിത്തോട്ടങ്ങളില്‍ ഒളിച്ചിരിക്കുന്ന കടുവ രാത്രിയിലോ ആളനക്കമില്ലാത്ത സമയത്തോ പുറത്തിറങ്ങുകയാണെന്നും ജനങ്ങള്‍ ആരോപിച്ചു.

നൂല്‍പ്പുഴ പഞ്ചായത്തിലെ 17ാം വാര്‍ഡില്‍  2012-ലും കടുവയിറങ്ങി നിരവധി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചരുന്നു. വാര്‍ഡിന്റെ ദേശീയപാതയോട് ചേര്‍ന്ന് കിടക്കുന്ന അതിര്‍ത്തി മുത്തങ്ങ വന്യജീവിസങ്കേതത്തില്‍ ഉള്‍പ്പെട്ട വനപ്രദേശമാണ്. മൂലങ്കാവ് ടൗണ്‍ അതിര്‍ത്തിയില്‍ നിന്ന് തുടങ്ങുന്ന വനപ്രദേശം നായ്‌ക്കെട്ടി ടൗണ്‍ എത്തുന്നതിന് തൊട്ടുമുമ്പുള്ള ചിത്രാലക്കരയിലാണ് അവസാനിക്കുന്നത്. ഈ ഭാഗത്ത് കൂടിയാണ് എറളോട്ടുകുന്നിലേക്ക് വന്യമൃഗങ്ങളെത്തുന്നത്.

Previous Post Next Post
WhatsApp