കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 225 കിലോ കഞ്ചാവ് തമിഴ്നാട്ടിൽ പിടികൂടി.തമിഴ്നാട് ദിണ്ഡിഗലിൽ വച്ചാണ് വൻ കഞ്ചാവ് പിടികൂടിയത്. കേരളത്തിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന 225 കിലോ കഞ്ചാവുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. ആന്ധ്രയിൽ നിന്ന് കഞ്ചാവ് ലോറിയിൽ കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്നു.
കേരളത്തിലേക്ക് തമിഴ്നാട് വഴി വൻ തോതിൽ കഞ്ചാവ് കടത്താൻ ശ്രമം നടക്കുന്നതായി കേരള എക്സൈസ് വിഭാഗത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ നിന്നുള്ള എക്സൈസ് സംഘമാണ് തമിഴ്നാട്ടിലെത്തി കഞ്ചാവ് പിടികൂടിയത്.
ലോറിയിൽ പേപ്പർകെട്ടുകൾക്കടിയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. തുടർന്ന് കേരളാ സംഘം ദിണ്ഡിഗൽ എക്സൈസ് വിഭാഗത്തെ വിളിച്ചുവരുത്തി പ്രതികളെയും തൊണ്ടി മുതലായ കഞ്ചാവും കൈമാറി. ആന്ധ്രയിൽ നിന്ന് കൊണ്ടുവന്ന കഞ്ചാവ് തമിഴ്നാട് വഴി കേരളത്തിലേക്ക് കടത്താനായിരുന്നു ശ്രമം.