ഇടുക്കി മൂലമറ്റത്ത് തട്ടുകടയിൽ വെടിവെപ്പ്, വെടിവെപ്പിൽ ഒരുമരണം, മറ്റൊരാളുടെ നില ഗുരുതരം

  ഇടുക്കി |  മൂലമറ്റത്ത് തട്ടുകടയിൽ ഒരാൾ കൊല്ലപ്പെട്ട വെടിവെപ്പിൽ മറ്റൊരാളുടെ നില ഗുരുതരം. മൂലമറ്റം കീരിത്തോട് സ്വദേശി ബസ് ജീവനക്കാരൻ സനൽ സാബുവാണ് മരിച്ചത്. മറ്റൊരാൾക്ക് കൂടി വെടിയേറ്റിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയ ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. കടയിൽ ഭക്ഷണം കഴിക്കാനെത്തിയ ഒരാളാണ് വെടിയുതിർത്തത്. ഭക്ഷണത്തെ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

പ്രതി തോക്കുമായി വന്ന് വെടിയുതിർക്കുകയായിരുന്നു. ഫിലിപ്പ് മാർട്ടിൻ എന്നയാളാണ് വെടിവച്ചത്. പ്രതിയെ മുട്ടം പൊലീസ് തിരച്ചിലിന് ഒടുവിൽ പിടികൂടി. ഇയാളെ കസ്റ്റഡിയിലെടുത്തു. മരിച്ച സനൽ സാബു ബസ് ജീവനക്കാരനാണ്. ഇയാളുടെ സുഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപിനെയാണ് ഗുരുതര പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


രാത്രി മൂലമറ്റത്തെ തട്ടുകടയിൽ ഫിലിപ്പ് ഭക്ഷണത്തിന്റെ പേരിൽ ബഹളമുണ്ടാക്കി. നാട്ടുകാർ ഇടപെട്ട് ഇയാളെ വാഹനത്തിൽ കയറ്റിവിടാൻ ശ്രമിക്കുകയായിരുന്നു. പ്രകോപിതനായ ഇയാൾ വണ്ടിയിൽ നിന്നും തോക്കെടുത്ത ശേഷം അഞ്ച് റൌണ്ട് വെടിയുതിക്കുകയായിരുന്നു. അതുവഴി സ്കൂട്ടറിൽ എത്തിയ സനലിന്റെ കഴുത്തിലാണു വെടിയേറ്റത്. തുടർന്ന് വാഹനത്തിൽ കടന്നുകളയാൻ ശ്രമിച്ച പ്രതി മുട്ടത്തു പൊലീസ് പിടിയിലാവുകയായിരുന്നു.
Previous Post Next Post
WhatsApp