പത്തുവയസുകാരിയുടെ ഗര്‍ഭച്ഛിദ്രം നടത്താന്‍ ഹൈക്കോടതി അനുമതി


പത്തുവയസുകാരിയുടെ ഗര്‍ഭച്ഛിദ്രം നടത്താന്‍ ഹൈക്കോടതി അനുമതി
_Published 11-03-2022 വെള്ളി_

കൊച്ചി: അച്ഛൻ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ പത്തു വയസുകാരിയുടെ കുഞ്ഞിനെ പുറത്തെടുക്കാമെന്ന് ഹൈക്കോടതി വിധി. കുട്ടി ജനിക്കുന്നത് മകളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാണെന്നും ​ഗർഭഛിദ്രത്തിന് അനുവദിക്കണമെന്നും പറഞ്ഞ് അമ്മ നൽകിയ ഹർജിയിലാണ് ഉത്തരവ്. കുഞ്ഞിനെ പുറത്തെടുക്കുമ്പോള്‍ ജീവനുണ്ടെങ്കില്‍ ആശുപത്രി അധികൃതരും ബന്ധപ്പെട്ടവരും ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കണമെന്നു ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ നിര്‍ദേശിച്ചു.

കുട്ടി ഇപ്പോള്‍ ചികിത്സയിലുള്ള തിരുവനന്തപുരത്തെ ആശുപത്രി അധികൃതര്‍ക്കാണ് ഗര്‍ഭം അലസിപ്പിക്കാന്‍ സിംഗിള്‍ ബെഞ്ച് അനുമതി നല്‍കിയത്. നേരത്തെ ഈ ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് ഒരു മെഡിക്കല്‍ ബോര്‍ഡിന് രൂപം നല്‍കാനും കുട്ടിയെ പരിശോധിച്ച് അബോര്‍ഷന്‍ നടത്താനുള്ള സാധ്യതകളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചിരുന്നു.

24 ആഴ്ച വരെ വളര്‍ച്ചയുള്ള ഗര്‍ഭഛിദ്രത്തിനാണ് നിയമപ്രകാരം അനുമതിയുള്ളത്. കുട്ടിയുടെ ​ഗർഭം 31 ആഴ്ച പിന്നിട്ടതോടെയാണ് ​ഗർഭഛിദ്രം നടത്തണമെന്ന ആവശ്യവുമായി അമ്മ കോടതിയെ സമീപിച്ചത്. തുടർന്ന്  ഹൈക്കോടതി മെഡിക്കല്‍ ബോര്‍ഡിനോട് നിര്‍ദേശം തേടിയിരുന്നു. ശസ്ത്രക്രിയലൂടെയുള്ള പ്രസവം വേണ്ടിവരുമെന്നായിരുന്നു മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്. കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കാന്‍ 80% സാധ്യതയുണ്ടെന്നും നവജാതശിശുക്കള്‍ക്കുള്ള തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടിവരുമെന്നും ബോര്‍ഡ് അറിയിച്ചു. തുടർന്നാണ് കുഞ്ഞിനെ പുറത്തെടുക്കാൻ കോടതി അനുമതി നൽകിയത്.

➖➖➖➖➖ ➖➖➖➖➖ 

Previous Post Next Post
WhatsApp