മിനിമം ബസ് ചാർജ് 10 രൂപയാക്കാനുള്ള തീരുമാനത്തിന് എൽഡിഎഫ് അംഗീകാരം നൽകി. എന്നാൽ വിദ്യാർഥി കൺസഷൻ വർധിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു. കൺസഷൻ മാറ്റത്തെ കുറിച്ച് ശാസ്ത്രീയായി പഠിക്കാൻ കമ്മീഷനെ നിയമിക്കും.മിനിമം ചാർജ് എട്ട് രൂപയിൽ നിന്ന് 12 രൂപയാക്കണമെന്നായിരുന്നു ബസുടമകളുടെ ആവശ്യം.
ഈ ആവശ്യം ഉന്നയിച്ച് ബസുടമകൾ സംസ്ഥാനത്ത് നാലുദിവസം സ്വകാര്യബസ് സമരവും നടത്തിയിരുന്നു. രാമചന്ദ്രൻ കമ്മിറ്റി ശിപാർശയുടെ അടിസ്ഥാനത്തിൽ ഗതാഗത വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. മിനിമം ചാർജ് പത്ത് രൂപയാക്കാമെന്നാണ് രാമചന്ദ്രൻ കമ്മിറ്റിയുടെ ശിപാർശ. കിലോമീറ്റർ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയാക്കണം തുടങ്ങിയ ആവശ്യങ്ങൾ ബസുടമകൾ മുന്നോട്ട് വെച്ചിരുന്നു.
ടാക്‌സിയുടെ മിനിമം നിരക്ക് 175 ൽ നിന്ന് 210 രൂപയാക്കാമെന്നും കമ്മിറ്റി ശിപാർശയുണ്ട്. 1500 സിസിക്ക് മുകളിലുള്ള ടാക്‌സികളുടെ മിനിമം നിരക്ക് 200 ൽ നിന്ന് 240 ആക്കിയേക്കും.കിലോമീറ്റർ നിരക്ക് 17 രൂപയിൽ നിന്ന് 20 ആയും വർധിപ്പിക്കാനാണ് കമ്മറ്റി ശിപാർശ നൽകിയിട്ടുള്ളത്.