ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ 3/2017 നമ്പർ ഉത്തരവു പ്രകാരം എല്ലാ സർക്കാർ വകുപ്പുകളിലും സ്ഥലം മാറ്റം ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമാകണം എന്നു നിഷ്കർഷിച്ചിരുന്നു. റവന്യൂ വകുപ്പിൽ അത് നടപ്പാക്കാത്തതിനെ തുടർന്ന് ബഹു. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ 969/2020 നമ്പരായി ഒരു കേസ് വരുകയും അതിൽ പ്രസ്തുത സർക്കാർ ഉത്തരവ് പ്രകാരം നടപടി ഉടൻ ആരംഭിക്കണമെന്ന് വിധി വരികയും ചെയ്തു. തുടർന്ന് കുറേക്കാലം കൂടി വൈകി 2021 ഫെബ്രുവരിയിൽ HRMS എന്ന ഓൺലൈൻ മോഡ്യൂളിൽ സ്ഥലം മാറ്റ സാധാരണഗതിയിൽ നടപടികൾ അന്തർ ജില്ല ആരംഭിക്കുകയും ചെയ്തു.
സ്ഥലം മാറ്റം നടക്കുന്നത് റവന്യു വകുപ്പിൽ പ്രൊമോഷന്റെ ഭാഗമായാണ്.
പ്രൊമോഷൻ സമയത്ത് സ്വന്തം ജില്ലയിൽ ഒഴിവില്ലാത്ത സാഹചര്യത്തിൽ മറ്റു ജില്ലകളിലെ ഒഴിവുകളിൽ നിയമിക്കുകയും പിന്നീട് ഒഴിവു വരുന്ന മുറയ്ക്ക് സീനിയോറിറ്റി ക്രമത്തിൽ മാതൃജില്ലയിലേക്ക് റീ അലോട്ട്മെന്റ് നടത്തുകയും ചെയ്യുന്ന സമ്പ്രദായമാണ് നിലവിലിരുന്നത്. ഇതിൽ മിക്കപ്പോഴും ആശാസ്യമല്ലാത്ത ഇടപെടലുകളും ക്രമക്കേടുകളും നടന്നിരുന്നു. സുതാര്യത ഉറപ്പു വരുത്തുന്നതിനായാണ് ഓൺലൈൻ രീതിയിലേക്കു മാറണമെന്ന് സർക്കാരും ട്രിബ്യൂണലും നിർദേശിച്ചത്.
റവന്യൂ വകുപ്പിൽ വഴി സ്ഥലം മാറ്റ് നടപടികൾ പുരോഗമിക്കവേ 2021 ജൂലായ് 30 ന് സ്ഥലംമാറ്റ മാനദണ്ഡങ്ങളിൽ നിയമാനുസൃതമല്ലാത്തതും സർക്കാർ കോടതി നിർദേശങ്ങൾക്ക് വിരുദ്ധമായതുമായ വ്യവസ്ഥകൾ ഉൾപ്പെടുത്തി ഒരു ഉത്തരവിറങ്ങി. അതിനെ ഒരു വിഭാഗം ജീവനക്കാർ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ചോദ്യം ചെയ്തു.
04 (EKM) 1258/2021 നമ്പർ കേസിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ പ്രസ്തുത നിയമവിരുദ്ധ ഉത്തരവും അതിന്മേലുള്ള തുടർ നടപടികളും സ്റ്റേ ചെയ്തു. പ്രസ്തുത ഇടക്കാല ഉത്തരവിൽ 30.07.2021 നു മുമ്പു വരെയുള്ള നടപടിക്രമങ്ങൾ തുടരാനും അതു പ്രകാരമുള്ള ലിസ്റ്റ് ന്യൂനത പരിഹരിച്ച് സ്ഥലം മാറ്റം നടത്താനും തടസ്സമില്ല എന്ന് സംശയലേശമെന്യ പ്രസ്താവിച്ചിട്ടുണ്ട്. എന്നാൽ റവന്യൂ വകുപ്പിലെ ഉന്നതരും ഭരണാനുകൂല സംഘടനയും ചേർന്ന് മുഴുവൻ സ്ഥലം മാറ്റവും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തിരിക്കുന്നു എന്നു വരുത്തിത്തീർത്തതാണ് ഇപ്പോഴത്തെ സ്തംഭനാവസ്ഥ സൃഷ്ടിച്ചത്.
നിലവിൽ സ്ഥലം മാറ്റം, റീ അലോട്ട്മെന്റ് എന്നിവ നടത്തുന്നതിന് യാതൊരു നിയമ തടസ്സവുമില്ല. എന്നിട്ടും അക്കാര്യം മറച്ചു വച്ചും അവഗണിച്ചും ജീവനക്കാരോട് ക്രൂരത കാട്ടുന്നതിനെതിരേ ശക്തമായ പ്രതിഷേധം രൂപപ്പെട്ടു വരുകയാണ്. സംഘടനാ നേതാക്കളുടെ നിക്ഷിപ്ത താല്പര്യങ്ങൾ കാരണം ഈ വിഷയത്തിൽ മുഖ്യധാരാ സർവീസ് സംഘടനകൾ ഇടപെടാൻ മടിച്ചു നിൽക്കുന്ന സാഹചര്യത്തിലാണ് സ്വതന്ത്ര കൂട്ടായ്മ ഉണ്ടാക്കി ജീവനക്കാർ പ്രതിഷേധത്തിന് ഒരുങ്ങുന്നത്.
ആദ്യ ഘട്ടത്തിൽ അധികൃതർക്ക് നിവേദനം നൽകി കാര്യങ്ങൾ ബോധ്യപ്പെടുത്താനും അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ ഓഫീസുകളുടെ പ്രവർത്തനങ്ങളിൽ മെല്ലെപ്പോക്ക് നയം സ്വീകരിച്ച് പ്രതിഷേധിക്കാനുമാണ് തയ്യാറെടുക്കുന്നത്. കാര്യങ്ങൾ വേണ്ട വിധം പുരോഗമിച്ചില്ലെങ്കിൽ ഇതപര്യന്തമില്ലാത്ത സമരമുറകളുമായി മുന്നിട്ടിറങ്ങാനാണ് ജീവനക്കാർ ഒരുങ്ങുന്നത്. എന്തായാലും കനക്കുന്ന പ്രതിഷേധത്തിൽ റവന്യൂ വകുപ്പിന്റെ ദൈനംദിന പ്രവർത്തനങ്ങൾ പോലും സ്തംഭിക്കുമോ എന്നാണ് ജനങ്ങൾ ഉറ്റു നോക്കുന്നത്.