ഫിഫ ഇന്‍ഫ്ലുവെന്‍സര്‍ കപ്പ് മത്സരത്തില്‍ താരമാകാന്‍ മലയാളി വനിതാ ഫുട്‌ബോള്‍ ഫ്രീസ്‌റ്റൈല്‍ താരം ഹാദിയ

ദോഹ | വരാനിരിക്കുന്ന ഫുട്‌ബോള്‍ മാമാങ്കമായ ഫിഫ ലോകകപ്പിന്റെ മുന്നോടിയായി നടക്കുന്ന ഫിഫ ഇന്‍ഫ്‌ലുവെന്‍സര്‍ കപ്പ് മത്സരത്തില്‍ മലയാളി വനിത താരവും. മലയാളി വനിതാ ഫ്രീസ്റ്റൈല്‍ താരം ഹാദിയ ഹക്കീമിനാണ് ഈ അസുലഭ അവസരം ലഭിച്ചിരിക്കുന്നത്. ഫുട്‌ബോള്‍ ഫ്രീസ്റ്റൈല്‍ പ്രകടനങ്ങളിലൂടെ ലോകശ്രദ്ധ പിടിച്ചു പറ്റിയ ഹാദിയക്ക് സമൂഹ മാധ്യമങ്ങളില്‍ നിരവധി ആരാധകരുണ്ട്.

മത്സരത്തില്‍ പങ്കെടുക്കുന്നതിനായി ഇന്നലെ തന്നെ ഹാദിയ ഖത്തറില്‍ എത്തിച്ചേര്‍ന്നിരുന്നു. ഇന്നും നാളെയുമായാണ് ഖത്തറിന്റെ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സംഘടിപ്പിക്കുന്ന മത്സരം നടക്കുന്നത്. ടീം ഏഷ്യ, ടീം യൂറോപ്പ്, ടീം അമേരിക്ക, ടീം മെന(മിഡില്‍ ഈസ്റ്റ് നോര്‍ത്ത് ആഫ്രിക്ക മേഖല) എന്നിങ്ങനെ നാലു ടീമുകളായാണ് മത്സരം നടക്കുന്നത്. ദോഹയില്‍ വെച്ചു നടക്കുന്ന മത്സരത്തില്‍ ടീം ഏഷ്യയെ പ്രതിനിധീകരിച്ചാണ് ഹാദിയ പങ്കെടുക്കുന്നത്.

ഇന്‍സ്റ്റാഗ്രാമില്‍ നാല്‍പതിനായിരത്തിനു മുകളില്‍ ഫോളോവേഴ്സ് ഉള്ള ഹാദിയയുടെ സ്‌കൂള്‍ കാലഘട്ടത്തിലെ ഹിജാബ് ധരിച്ചു കൊണ്ടുള്ള ഫ്രീസ്റ്റൈല്‍ പ്രകടനമാണ് മാധ്യമശ്രദ്ധ നേടിയത്. പിന്നീട് ഇന്ത്യയില്‍ നടന്ന നിരവധി ഫ്രീസ്റ്റൈല്‍ മത്സരങ്ങളില്‍ ഹാദിയ പങ്കെടുത്തിരുന്നു. കോഴിക്കോട് സ്വദേശിയായ പിതാവ് അബ്ദുള്‍ ഹകീം ഖത്തറില്‍ പെട്രോളിയം ജീവനക്കാരനാണ്. ഫുട്‌ബോള്‍ സ്‌നേഹം കൈമുതലായുള്ള സഹോദരന്‍ ഹിഷാം ഹകീം ഇന്ത്യയിലെ എസി മിലാന്‍ അക്കാദമിയുടെ പരിശീലകനാണ്.
Previous Post Next Post