ന്യൂദല്‍ഹി - ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയുമായി സൗഹൃദ ഫുട്‌ബോള്‍ കളിക്കാനുള്ള സുവര്‍ണാവസരം ഇന്ത്യ വേണ്ടെന്നു വെച്ചു. ലിയണല്‍ മെസ്സിയുള്‍പ്പെട്ട ലോക ചാമ്പ്യന്‍ നിരയുമായി ഇന്ത്യന്‍ ടീമിന് കളിക്കാന്‍ കിട്ടിയ ക്ഷണം ഫണ്ടില്ലെന്നു പറഞ്ഞാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ നിരസിച്ചത്. ഇന്ത്യന്‍ ടീമിനും ഇന്ത്യന്‍ ആരാധകര്‍ക്കും അപൂര്‍വമായി കിട്ടുന്നതാണ് ലോക ചാമ്പ്യന്മാരുമായി കളിക്കാനുള്ള അവസരം.
എന്നാല്‍ അര്‍ജന്റീന ടീമിന് വിരുന്നൊരുക്കാനുള്ള ഭീമമായ തുക താങ്ങാനാവില്ലെന്ന് എ.ഐ.എഫ്.എഫിന്റെ മലയാളിയായ ജനറല്‍ സെക്രട്ടറി ഷാജി പ്രഭാകരന്‍ അറിയിച്ചു. അര്‍ജന്റീന ഫു്ടബോള്‍ അസോസിയേഷന്‍ ഇന്ത്യയെ ഇങ്ങോട്ട് ബന്ധപ്പെട്ടാണ് കളിക്കാനുള്ള താല്‍പര്യം അറിയിച്ചതെന്നും എന്നാല്‍ ഫണ്ടില്ലെന്നതിനാല്‍ വേണ്ടെന്നു വെക്കുകയായിരുന്നുവെന്നും ഷാജി പ്രഭാകരന്‍ വിശദീകരിച്ചു.
അവരുമായി സൗഹൃദ മത്സരം കളിക്കുന്നില്ലെങ്കിലും മറ്റു തരത്തിലുള്ള സഹകരങ്ങളെക്കുറിച്ച ചര്‍ച്ച നടക്കുന്നുണ്ട്. അര്‍ജന്റീന ക്ലബ്ബുകള്‍ക്കും ഇന്ത്യയോട് താല്‍പര്യമുണ്ട് -അദ്ദേഹം പറഞ്ഞു.
2011 ല്‍ അര്‍ജന്റീനയും വെനിസ്വേലയും കൊല്‍ക്കത്ത സാള്‍ട്‌ലെയ്ക്ക് സ്റ്റേഡിയത്തില്‍ സൗഹൃദ മത്സരം കളിച്ചിരുന്നു. 85,000 വരുന്ന കാണികള്‍ ഒറ്റക്കെട്ടായി അന്ന് അര്‍ജന്റീനയെ പിന്തുണച്ചു. മെസ്സി എത്തുമ്പോള്‍ അതിനെ വെല്ലുന്ന ആവേശം കാണാന്‍ സാധിക്കുമായിരുന്നു.