വാഹനാപകടത്തില്‍ പരിക്കേറ്റ് ദിവസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞിരുന്ന മിമിക്രി താരം കൂടിയായ നടന്‍ ബിനുഅടിമാലി ഇന്നലെയാണ് അപകടത്തിന് ഷേശം ആദ്യമായി പൊതു വേദിയില്‍ എത്തിയത്. മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന്റെ ജനറല്‍ ബോഡിയില്‍ പങ്കെടുക്കാനാണ് ബിനു അടിമാലി എത്തിയത്. അപകടത്തില്‍ മരിച്ച അടുത്ത സുഹൃത്തും മിമിക്രി താരവുമായ കൊല്ലം സുധിയുടെ ഓര്‍മ്മളില്‍ വിങ്ങിപ്പൊട്ടിക്കൊണ്ടാണ് ബിനു സഹപ്രവര്‍ത്തകരോട് സംസാരിച്ചത്. ബിനു അടിമാലിയുടെ വാക്കുകള്‍ ഇങ്ങനെ :
''പത്തുപതിനഞ്ചു ദിവസങ്ങള്‍ക്ക് ശേഷം ഇന്നാണ് ഞാന്‍ ഒന്ന് ചിരിക്കുന്നത്. കാരണം ഞാന്‍ എത്തിയിരിക്കുന്നത് എന്റെ 'മാ' സംഘടനയുടെ പരിപാടിക്കാണ്. ഇതൊരു ഭംഗി വാക്കായി പറയുന്നതല്ല. എല്ലാ ദിവസവും ഉറങ്ങാന്‍ കിടക്കുമ്പോള്‍ രാത്രി സുധി കയറി വരും, അവന്റെ ഓരോ കാര്യങ്ങള്‍ ഓര്‍ത്ത് ഉറങ്ങാന്‍ പറ്റില്ല. ഇന്ന് എന്റെ കാലിലെ സ്റ്റിച്ച് വെട്ടുന്ന ദിവസമായിരുന്നു അങ്ങനെ ആശുപത്രിയില്‍ വന്നതുകൊണ്ടാണ് എനിക്ക് ഇന്നിവിടെ എത്താന്‍ കഴിഞ്ഞത്. ഇവിടെ വന്നു എല്ലാവരെയും കണ്ടപ്പോള്‍ എന്തോ ഒരു പകുതി സമാധാനം ആയി. നമ്മുടെ സംഘടനയില്‍ എത്തുമ്പോഴുള്ള ആശ്വാസം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. നമ്മള്‍ അസുഖമായി വീട്ടില്‍ കിടക്കുമ്പോഴാണ് ഇതൊക്കെ ഏറ്റവും കൂടുതല്‍ മനസ്സിലാക്കുന്നത്. എന്റെ വീടിന്റെ പാലുകാച്ചിന് പോലും ഒരു ചലച്ചിത്രതാരങ്ങളും വന്നിട്ടില്ല, പക്ഷേ ഇപ്പോള്‍ സുഖമില്ലാതെ കിടന്നപ്പോള്‍ ഒട്ടുമിക്കവരും വന്നു, ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു. ഇങ്ങനെ കിടക്കുമ്പോഴാണ് ആളുകളുടെ വില നമുക്ക് മനസിലാകുന്നത്. സുധി മരിച്ചപ്പോള്‍ ഒത്തുകൂടിയ ആളുകളും അയാളോടുള്ള സ്‌നേഹവും കാണുമ്പോഴാണ് മനസ്സ് നിറയുന്നത്. കൂട്ടുകാര്‍ വരുമ്പോള്‍ ഞാന്‍ മനസ്സ് തുറന്നു ചിരിക്കാറുണ്ട്. സുധിയെപ്പറ്റി പറയുകയാണെങ്കില്‍ അന്ന് അദ്ദേഹത്തിന്റെ സമയം ആയിരുന്നിരിക്കും. കാരണം ഇവിടെനിന്ന് പോകുമ്പോള്‍ ഇവന്‍ വണ്ടിയുടെ മുന്നില്‍ ഇരിക്കുകയാണ്. ഊണ് കഴിക്കാന്‍ ഇറങ്ങിയിട്ട് വന്നപ്പോഴും വീണ്ടും വന്ന് വണ്ടിയുടെ മുന്‍ സീറ്റില്‍ തന്നെ ഇരുന്നു. പ്രോഗ്രാം കഴിഞ്ഞു തിരിച്ചു വരുമ്പോഴും ഇവന്‍ ഓടി വന്ന് വണ്ടിയുടെ മുന്നില്‍ തന്നെ ഇരിക്കുവാണ്. അത്രയും ഊര്‍ജസ്വലനായ ഒരു സുധിയെ ഞാന്‍ ഇന്നേവരെ കണ്ടിട്ടില്ല. അന്നത്തെ ദിവസം അത്രക്ക് ആക്റ്റീവ് ആയിരുന്നു. എന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച സംഭവം അതാണ്. മിനിറ്റുകള്‍ കൊണ്ട് തൊട്ടടുത്തിരുന്ന ഒരാള് മരിച്ചുപോയി എന്ന് കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു അവസ്ഥ വലുതാണ്. ഒരു കലാകാരനായി ഈ ഭൂമിയില്‍ ജനിക്കാന്‍ കഴിഞ്ഞതില്‍ ദൈവത്തോടും എന്റെ കാരണവന്മാരോടും നന്ദി പറയുന്നു. എന്നെ വിളിച്ച് പ്രോത്സാഹിപ്പിച്ച് ധൈര്യം തന്ന ഈ കൂട്ടായ്മയിലെ എല്ലാവരോടും നന്ദി ഉണ്ട്.''
കഴിഞ്ഞ ജൂണ്‍ അഞ്ചാം തീയതി പുലര്‍ച്ചെ നാലരയോടെയാണ് സ്റ്റേജ്‌ഷോയ്ക്കു ശേഷം കോഴിക്കോട്ടെ വടകരയില്‍നിന്ന് എറണാകുളത്തേക്കു മടങ്ങവെ ദേശീയപാതയില്‍ പനമ്പിക്കുന്നില്‍ കൊല്ലം സുധിയും ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും ഉല്ലാസും അടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന കാര്‍ പിക്കപ് വാനുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ കൊല്ലം സുധി മരണമടയുകയും മറ്റുള്ളവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.