മുംബൈ - ജൂലൈയില്‍ കരീബിയയില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് പരമ്പരക്കുള്ള ടീമില്‍ മലയാളി വിക്കറ്റ്കീപ്പര്‍ സഞ്ജു സാംസണിനെ ഉള്‍പെടുത്തി. വിക്കറ്റ്കീപ്പര്‍ ബാറ്റര്‍ ഇശാന്‍ കിഷനും ടീമിലുണ്ട്. കെ.എല്‍ രാഹുലും റിഷഭ് പന്തും പരിക്കേറ്റ് വിട്ടുനില്‍ക്കുന്ന സാഹചര്യത്തിലാണ് സഞ്ജുവിനെയും ഇശാനെയും പരീക്ഷിക്കുന്നത്. സഞ്ജു 11 ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട്. ഇശാന്‍ മുന്‍നിരയില്‍ കളിക്കുന്ന കീപ്പറാണ്. സഞ്ജുവിനെ മധ്യനിരയിലായിരിക്കും പരീക്ഷിക്കുക. 10 ഇന്നിംഗ്‌സില്‍ രണ്ട് അര്‍ധ സെഞ്ചുറിയുള്‍പ്പെടെ 330 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. കഴിഞ്ഞ വര്‍ഷം പോര്‍ട് ഓഫ് സ്‌പെയിനില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചപ്പോഴാണ് ഒരു അര്‍ധ ശതകം. വിക്കറ്റ്കീപ്പറായി ഇശാനെ പരിഗണിച്ചാലും ബാറ്ററായി സഞ്ജുവിനെ കളിപ്പിച്ചേക്കാം.
ഓപണര്‍ ഋതുരാജ് ഗെയ്ക്‌വാദ്, പെയ്‌സ്ബൗളര്‍ മുകേഷ്‌കുമാര്‍ എന്നിവരും പതിനേഴംഗ ടീമില്‍ സ്ഥാനം പിടിച്ചു. ഗെയ്ക്‌വാദിന്റെ ഒരേയൊരു ഏകദിനം ഒക്ടോബറില്‍ ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു. മുകേഷ്‌കുമാര്‍ ഇതുവരെ ഇന്ത്യന്‍ കുപ്പായമിട്ടിട്ടില്ല. രോഹിത് ശര്‍മ ക്യാപ്റ്റനായ ടീമില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് വൈസ് ക്യാപ്റ്റന്റെ ചുമതല നല്‍കി.
പെയ്‌സ്ബൗളര്‍ മുഹമ്മദ് ഷമിക്ക് വിശ്രമമനുവദിച്ചു. ജയ്‌ദേവ് ഉനാദ്കത്, ശാര്‍ദുല്‍ താക്കൂര്‍, മുകേഷ്, ഉംറാന്‍ മാലിക്, ഹാര്‍ദിക് എന്നിവരടങ്ങുന്ന പെയ്‌സ് നിരയെ മുഹമ്മദ് സിറാജ് നയിക്കും.
ശ്രേയസ് അയ്യരുടെ അഭാവത്തില്‍ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ കളിച്ച സൂര്യകുമാര്‍ യാദവ് സ്ഥാനം നിലനിര്‍ത്തി. ഓസീസിനെതിരെ മൂന്നു മത്സരങ്ങളിലും സൂര്യ ഗോള്‍ഡന്‍ ഡക്കായിരുന്നു. ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിനെ ഒഴിവാക്കി. രവീന്ദ്ര ജദേജയും അക്ഷര്‍ പട്ടേലുമാണ് സ്പിന്‍ ബൗളിംഗ് ഓള്‍റൗണ്ടര്‍മാര്‍. യുസ്‌വേന്ദ്ര ചഹലും കുല്‍ദീപ് യാദവും മുന്‍നിര സ്പിന്നര്‍മാരും.