ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ സഞ്ചാരികളുമായി പോയ മുങ്ങിക്കപ്പൽ കാണാനില്ല


ബോസ്റ്റൺ  / ന്യൂ ഫൗണ്ട്‌ലാൻഡ് - മഞ്ഞുമലയിൽ ഇടിച്ച് വടക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിൽ തകർന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ സഞ്ചരികളുമായി പോയ 'സബ്‌മെർസിബ്ൾ' മുങ്ങിക്കപ്പൽ കാണാതായി. മുങ്ങികപ്പലിനായി ന്യൂഫൗണ്ട്‌ലാൻഡ് തീരത്ത് തെരച്ചിൽ ആരംഭിച്ചതായി ബോസ്റ്റൺ കോസ്റ്റ്ഗാർഡ് അറിയിച്ചു. 

സമുദ്രോപരിതലത്തിൽ നിന്നും ഏകദേശം 3,800 മീറ്റർ താഴെയാണ് ലോകപ്രശസ്തമായ ടൈറ്റാനിക്ക് കപ്പൽ മുങ്ങിയത്. ഈ കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ പ്രത്യേകം നിർമിച്ച മുങ്ങിക്കപ്പലിൽ യാത്ര പോയാലെ അവിടെ എത്താനാകൂ. അങ്ങനെ വിനോദ സഞ്ചാരികളെയും വിദഗ്ധരെയും ഫീസ് വാങ്ങി ആഴക്കടലിലേക്ക് കൊണ്ടുപോയ കപ്പലാണ് കാണാതായത്.
 ആഴക്കടൽ പര്യവേഷണങ്ങൾക്ക് നേതൃത്വം നൽകുന്ന സ്വകാര്യ കമ്പനിയായ ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസിന്റെ ഉടമസ്ഥതയിലുള്ളതാണീ കാണാതായ മുങ്ങിക്കപ്പൽ. കണ്ടെത്താനുള്ള എല്ലാ വഴികളും തുടരുന്നതായി കമ്പനി അറിയിച്ചു. ഞായറാഴ്ച രാവിലെയാണ് അഞ്ചുപേരുമായി മുങ്ങിക്കപ്പൽ യാത്ര പുറപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഒരു മണിക്കൂറും 45 മിനുട്ടും കഴിഞ്ഞതോടെ കനേഡിയൻ ഗവേഷണ കപ്പിലിന് ജോലിക്കാരുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നു.
 1912 ഏപ്രിൽ 14ന് ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നിന്ന് അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിയിലേക്കുള്ള ടൈറ്റാനിക് കപ്പലിന്റെ കന്നി യാത്രയിലാണ് ഐസ് മലയിലിടിച്ച് കപ്പൽ തകർന്ന് ലോകത്തെ ഞെട്ടിച്ച വൻ ദുരന്തമുണ്ടായത്. കപ്പലിലുണ്ടായിരുന്ന 2224 പേരിൽ 1500-ലധികം പേരാണ് അന്ന് മരിച്ചത്.  1985-ലാണ് കപ്പലിന്റെ അവശിഷ്ടം അറ്റ്‌ലാന്റിക് സമുദ്രത്തിൽ കണ്ടെത്തിയത്. തുടർന്ന് ധാരാളം പര്യവേക്ഷണ പദ്ധതികളാണ് ടൈറ്റാനിക്കിനെ ചുറ്റിപറ്റി നടന്നത്.
 ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ എട്ടു ദിവസത്തെ പര്യവേഷണമാണ് സാധാരണ നടക്കാറുള്ളത്. ഇതിന് ഒരു സഞ്ചാരിയിൽ നിന്നും 250000 ഡോളർ അഥവാ ഏകദേശം രണ്ടു കോടി ഇന്ത്യൻ രൂപയാണ് ഈടാക്കുന്നത്. ടൈറ്റാനിക്കിന് അടുത്തേക്ക് ഒരു തവണ മുങ്ങിപ്പൊങ്ങുന്നതിന് ഏകദേശം എട്ടു മണിക്കൂർ സമയമെടുക്കുമെന്നാണ് കണക്ക്. ഒരു സബ്‌മെർസിബിളിൽ പൈലറ്റ് ഉൾപ്പെടെ അഞ്ചുപേർക്കാണ് യാത്ര ചെയ്യാനാവുക.
Previous Post Next Post
WhatsApp