ഇന്റർ കോണ്ടിനന്റൽ കപ്പിൽ മുത്തമിട്ട് ഇന്ത്യൻ ഫുട്ബോൾ ‌ടീം


ഭുവനേശ്വര്‍ - ലെബനോനെ മറുപടിയില്ലാത്ത രണ്ടു ഗോളിന് തോല്‍പിച്ച് ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ഇന്ത്യ വീണ്ടെടുത്തു. ഗോളൊഴിഞ്ഞ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയുടെ ആദ്യ മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് സമനിലക്കുരുക്കഴിച്ചത്. 

ടീമിന്റെ കൂട്ടായ മുന്നേറ്റത്തിനൊടുവില്‍ കരിയറിലെ എണ്‍പത്തേഴാം ഗോളിലൂടെ ഛേത്രി ഇന്ത്യയെ മുന്നിലെത്തിച്ചു. അറുപത്താറാം മിനിറ്റില്‍ ലാലിന്‍സുവാല ചാംഗ്‌ടെ ഇന്ത്യയുടെ വിജയമുറപ്പിച്ച രണ്ടാം ഗോള്‍ നേടി. നവോറെം മഹേഷ് സിംഗിന്റെ ഷോട്ട് ഗോളി രക്ഷിച്ചപ്പോള്‍ ചാംഗ്‌ടെ ചാടിവീഴുകയായിരുന്നു. ഇഞ്ചുറി ടൈമില്‍ മഹേഷ് സിംഗിന്റെ ഹെഡര്‍ ലെബനോന്‍ ഗോളി ഡൈവ് ചെയ്തു രക്ഷപ്പെടുത്തുകയായിരുന്നു. 

ഈ ടീമുകള്‍ തമ്മിലുള്ള അവസാന ഗ്രൂപ്പ് മത്സരം സമനിലയായിരുന്നു. 2018 ലെ പ്രഥമ ഇന്റര്‍കോണ്ടിനന്റല്‍ കപ്പില്‍ ഇന്ത്യയായിരുന്നു ചാമ്പ്യന്മാര്‍. മുംബൈയില്‍ നടന്ന ഫൈനലില്‍ കെനിയയെ 2-0 ന് തോല്‍പിച്ചു. എന്നാല്‍ 2019 ല്‍ അഹമ്മദാബാദില്‍ വടക്കന്‍ കൊറിയയോട് ഇന്ത്യ ഫൈനലില്‍ തോറ്റു. നാലു വര്‍ഷത്തിനു ശേഷമാണ് വീണ്ടും ടൂര്‍ണമെന്റ് അരങ്ങേറിയത്. 


ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയായിരുന്നു ഒന്നാം സ്ഥാനത്ത്. ഫിഫ റാങ്കിംഗില്‍ തൊട്ടുതൊട്ടാണ് ഇന്ത്യയും (101) ലെബനോനും (99). ബംഗളൂരുവില്‍ നടക്കുന്ന സാഫ് ചാമ്പ്യന്‍ഷിപ്പിലും ലെബനോന്‍ കളിക്കും. 
Previous Post Next Post
WhatsApp