മലപ്പുറം - പെരിന്തൽമണ്ണ ഗവ. ജില്ലാ ആശുപത്രി പാമ്പ് ഭീതിയിൽ! മൂന്ന് ദിവസത്തിനിടെ സർജിക്കൽ വാർഡിൽനിന്നും വരാന്തയിൽനിന്നുമായി പത്ത് മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടി. ഇതേ തുടർന്ന് സർജിക്കൽ വാർഡ് അടച്ചു.
ശസ്ത്രക്രിയ വാർഡിൽ കിടത്തി ചികിത്സയിലണ്ടായിരുന്ന എട്ടുപേരെയും മെഡിക്കൽ വാർഡിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതർ പറഞ്ഞു. അടഞ്ഞുകിടക്കുന്ന ഓപ്പറേഷൻ വാർഡിലും പാമ്പിന് കുട്ടികളുണ്ടായിരുന്നു. നിലത്ത് പാകിയ ടൈലുകൾക്കിടയിൽ മാളങ്ങളുള്ള നിലയിലാണ്. സർജിക്കൽ വാർഡിന്റെ പിറകുവശം കാടുപിടിച്ച നിലയിലാണ്. വരാന്തയിലെയും പരിസരത്തെയും മാളങ്ങൾ അടച്ചു തുടങ്ങിയെന്ന് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു.
മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളിൽ ഒന്നാണ് പെരിന്തൽമണ്ണയിലെ ഈ ജില്ലാ ആശുപത്രി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയാണ് രോഗികളെ പ്രവേശിപ്പിച്ച സർജിക്കൽ വാർഡിൽനിന്നും വാർഡിനോട് ചേർന്ന വരാന്തയിൽ നിന്നുമായി പത്ത് മൂർഖൻ കുഞ്ഞുങ്ങളെ ജീവനക്കാരും ജില്ലാ ട്രോമ കെയർ പ്രവർത്തകരും പിടികൂടിയത്. ഇനിയും പാമ്പ് ഉണ്ടാകാനുള്ള സാധ്യതകളുണ്ടെന്നാണ് പറയുന്നത്. ഈ സാധ്യത കണക്കിലെടുത്താണ് സർജിക്കൽ വാർഡ് അടച്ചത്.