കൊച്ചി- എഐ ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാർക്ക് പൊതുഖജനാവിൽ നിന്നും സർക്കാർ പണം നൽകരുതെന്ന് കോടതി നിർദേശം നൽകി. കോടതിയിൽ നിന്നും ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഇത് ബാധകമായിരിക്കുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉത്തരവിറക്കി. കേസ് മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. എഐ ക്യാമറ പദ്ധതിയിലെ ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. രണ്ട് ആഴ്ചയ്ക്കകം എതിർ സത്യവാംഗ്മൂലം നൽകാൻ സംസ്ഥാന സർക്കാരിനും കോടതി നിർദേശം നൽകിയിട്ടുണ്ട്. ഹർജി വിശദമായി പരിശോധിക്കുമെന്നും ഹർജി സമർപ്പിച്ചവർക്ക് അഭിനന്ദിക്കുന്നുവെന്നും കോടതി പരാമർശിച്ചു.
എഐ കാമറ സ്ഥാപിക്കുന്നതിന് ടെൻഡർ നൽകിയത് വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് കാണിച്ചായിരുന്നു പ്രതിപക്ഷം ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.