പാസ്‌പോര്‍ട്ട് തിരിച്ചുകിട്ടി; എയര്‍പോര്‍ട്ടില്‍ കുടുങ്ങിയ മലയാളി 18 മണിക്കൂറിന് ശേഷം പുറത്തിറങ്ങി


റിയാദ്- പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങിയ കോഴിക്കോട് കാരന്തൂര്‍ സ്വദേശി ചാലില്‍ മുഹമ്മദിന് സാമൂഹിക മാധ്യമങ്ങളും സാമൂഹിക പ്രവര്‍ത്തകരും കൈകോര്‍ത്തപ്പോള്‍ പാസ്‌പോര്‍ട്ട് തിരിച്ചുകിട്ടി. മണിക്കൂറുകള്‍ നീണ്ട കഠിനാധ്വാനത്തിനൊടുവില്‍ ജിസാനില്‍ നിന്ന് റിയാദിലെത്തിച്ച പാസ്‌പോര്‍ട്ട് സ്‌പോണ്‍സര്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചതോടെ നടപടികള്‍ പൂര്‍ത്തിയാക്കി മുഹമ്മദ് പുറത്തിറങ്ങി. ഇതോടെ 18 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമായി.
കോഴിക്കോട് നിന്ന് വെള്ളിയാഴ്ച രാവിലെ 11.45ന് റിയാദിലെത്തിയ നാസ് എയര്‍ വിമാനത്തിലാണ് മുഹമ്മദ് യാത്ര ചെയ്തിരുന്നത്. റിയാദ് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ കൗണ്ടറിലെത്തിയപ്പോള്‍ ഇദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് കാണുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ താത്കാലിക കസ്റ്റഡി സെന്ററിലേക്ക് മാറ്റുകയായിരുന്നു. കോഴിക്കോട്ട് നിന്ന് ജിസാനിലേക്ക് പോകുന്ന ട്രാന്‍സിറ്റ് യാത്രക്കാരനായ നിഹാസിന്റെ ബാഗില്‍ മുഹമ്മദ് തന്നെ പാസ്‌പോര്‍ട്ട് മാറിവെച്ചതാണ് വിനയായത്.
വെള്ളിയാഴ്ച സ്‌പോണ്‍സര്‍ വിമാനത്താവളത്തിലെത്തി ഇമിഗ്രേഷന്‍ അധികൃതരുമായി സംസാരിച്ചെങ്കിലും പാസ്‌പോര്‍ട്ടില്ലാതെ പുറത്തിറങ്ങാനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് പാസ്‌പോര്‍ട്ട് കണ്ടെത്താന്‍ റിയാദ് ഹെല്‍പ് ഡെസ്‌ക് എന്ന വാട്‌സാപ് കൂട്ടായ്മ ശ്രമം തുടങ്ങി. വിമാനത്തിലെ എ 26, ബി 26, എ 27, ബി 27, സി 27 സീറ്റുകളിലെ യാത്രക്കാരുടെ ഫോണ്‍ നമ്പറുകള്‍ ഇവര്‍ ശേഖരിച്ചു വിളിച്ചുനോക്കി. നിഹാസിനെയും ജിസാനിലേക്ക് തിരിക്കുന്നതിന് മുമ്പ് ഇവര്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ബാഗില്‍ ഇദ്ദേഹത്തിന് പാസ്‌പോര്‍ട്ട് കണ്ടെത്താനായില്ല. പിന്നീട് ജിസാനിലെത്തി വിശദമായി പരിശോധിച്ചപ്പോഴാണ് കണ്ടെത്തിയത്. തുടര്‍ന്ന് റിയാദ് ഹെല്‍പ് ഡെസ്‌ക് അംഗമായ അസ്ലം പാലത്ത്, നൗഷാദ് ആലുവ തുടങ്ങിയവര്‍ ജിസാനിലെ ബെസ്റ്റ് വേ ജിസാന്‍ കോ ഓഡിനേറ്റര്‍ ബാവ ഗൂഡല്ലൂരുമായി ബന്ധപ്പെട്ടു. അദ്ദേഹം നിഹാസില്‍ നിന്ന് പാസ്‌പോര്‍ട്ട് ഏറ്റുവാങ്ങി ജിസാന്‍ എയര്‍പോര്‍ട്ടിലെത്തി ഗ്രൗണ്ട് സപ്പോര്‍ട്ട് സ്റ്റാഫ് ഗഫൂറിന് കൈമാറി. അദ്ദേഹം റിയാദിലേക്കുള്ള യാത്രക്കാരന്റെ കൈവശം അയക്കുകയായിരുന്നു. റിയാദില്‍ റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, മുനീര്‍ മക്കാനി തുടങ്ങിയവര്‍ പാസ്‌പോര്‍ട്ട് ഏറ്റുവാങ്ങി മുഹമ്മദിന്റെ സ്‌പോണ്‍സറെ ഏല്‍പ്പിച്ചു. വിഷയത്തില്‍ ആദ്യം മുതലേ സിദ്ദീഖ് തുവ്വൂര്‍ സഹായവുമായി രംഗത്തുണ്ടായിരുന്നു. സ്‌പോണ്‍സര്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് പാസ്‌പോര്‍ട്ട് സമര്‍പ്പിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മുഹമ്മദിനെ പുറത്തിറക്കി. എംബസി ഉദ്യോഗസ്ഥന്‍ പുഷ്പരാജ്, യൂസുഫ് പെരിന്തല്‍മണ്ണ, സഫറത്ത് ഒളവണ്ണ, ഇബ്രാഹിം കരീം, സിറാജ് ജിസാന്‍, ശബീര്‍ എന്നിവര്‍ വിവിധ ഘട്ടങ്ങളില്‍ സഹായത്തിനുണ്ടായിരുന്നു.
Previous Post Next Post
WhatsApp