കണ്ണൂര്‍ - കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ ഭാര്യ സ്മിതയുടെ വരുമാന മാര്‍ഗം തേടി വിജിലന്‍സ് അന്വേഷണം. ഇവര്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ കാടാച്ചിറ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പലിനോട് ശമ്പളം സംബന്ധിച്ച് വിവരങ്ങള്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് നോട്ടീസ് നല്‍കി. 2001 മുതലുള്ള വിവരങ്ങള്‍ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. കോഴിക്കോട് വിജിലന്‍സ് യൂണിറ്റാണ് അന്വേഷിക്കുന്നത്. കെ.സുധാകരന്റെ വരുമാന സ്രോതസിനെ കുറിച്ച് അറിയാനാണ് ഭാര്യയുടെ ശമ്പള വിവരങ്ങള്‍ തേടിയത്. കണ്ണൂരിലെ ഓഫീസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സുധാകരന്‍ വിദേശത്ത് നിന്നടക്കം വന്‍ തോതില്‍ പണം പിരിച്ചതായി കെ സുധാകരന്റെ മുന്‍ ഡ്രൈവറായിരുന്ന പ്രശാന്ത് ബാബു വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. ഇതില്‍ വലിയ തോതില്‍ തട്ടിപ്പ് നടത്തിയതായും പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് വിജിലന്‍സ് ഇപ്പോള്‍ നടത്തുന്നതെന്നാണ് വിവരം.