മയാമി - അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗില്‍ ഇന്റര്‍ മയാമിയില്‍ ചേര്‍ന്ന ലിയണല്‍ മെസ്സി ജൂലൈ 21 ന് അരങ്ങേറും. അഞ്ച് പുതിയ കളിക്കാരെ കൂടി ഉള്‍പെടുത്തി ടീം ശക്തിപ്പെടുത്താനാണ് ഉടമ ജോര്‍ജ് മാസിന്റെ തീരുമാനം. കോണ്‍കകാഫ പ്രാദേശിക ടൂര്‍ണമെന്റില്‍ ക്രൂസ് അസൂലിനെതിരെയായിരിക്കും മെസ്സിയുടെ ആദ്യ കളി. സൗദി അറേബ്യയിലെ അല്‍ഹിലാല്‍, തന്റെ പഴയ തട്ടകമായ ബാഴ്‌സലോണ എന്നിവയില്‍ നിന്നുള്ള ഓഫര്‍ അവഗണിച്ചാണ് മെസ്സി ഈ മാസം ഏഴിന് ഇന്റര്‍ മയാമിയില്‍ ചേര്‍ന്നത്. പി.എസ്.ജിയിലെ നിരാശാജനകമായ രണ്ടു വര്‍ഷത്തിനു ശേഷം മാധ്യമശ്രദ്ധയില്‍ നിന്നകന്ന്, അത്ര തീവ്രമല്ലാത്ത ലീഗില്‍ കളിക്കാനാണ് മെസ്സി ആഗ്രഹിച്ചത്. വര്‍ഷം ആറു കോടി ഡോളര്‍ പ്രതിഫലമാണ് മയാമിയില്‍ മെസ്സിക്ക് ലഭിക്കുക. പ്ലേയിംഗ് കരിയര്‍ കഴിഞ്ഞാല്‍ ഇന്റര്‍ മയാമിയില്‍ ഓഹരി പങ്കാളിത്തവും കരാറിന്റെ ഭാഗമാണ്.
അമേരിക്കന്‍ ഫുട്‌ബോളിലെ സുപ്രധാന നാഴികക്കല്ലായിരിക്കും മെസ്സിയുടെ വരവെന്ന് മയാമി ഉടമ അഭിപ്രായപ്പെട്ടു. അമേരിക്കന്‍ സ്‌പോര്‍ട്‌സിനെക്കുറിച്ച് പറയുമ്പോള്‍ മെസ്സിക്ക് മുമ്പും ശേഷവും എന്ന കാലഗണനയുണ്ടാവും. ലോകത്തിലെ പ്രധാന ലീഗുകളിലൊന്നായി എം.എസ്.എല്ലിനെ വളര്‍ത്താന്‍ ഇത് സഹായിക്കും. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍ ഈ ലീഗിലേക്ക് വരുന്നത് കപ്പ് ജയിക്കാനും കളിയില്‍ വിപ്ലവം സൃഷ്ടിക്കാനും തന്നെയാണ്. ഈ ചരിത്ര നിമിഷത്തിനായി ലീഗ് ഒരുങ്ങുകയാണ് വേണ്ടത് -അദ്ദേഹം പറഞ്ഞു.
ബാഴ്‌സലോണയില്‍ മെസ്സിക്കൊപ്പം കളിച്ച സെര്‍ജിയൊ ബുസ്‌ക്വെറ്റ്‌സും മയാമിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. യോര്‍ദി ആല്‍ബ, ലൂയിസ് സോറസ്, എയിംഗല്‍ ഡി മരിയയുടെ എന്നിവരുടെ പേരുകളും പറഞ്ഞു കേള്‍ക്കുന്നു.