പനിക്കിടക്കയിൽ കേരളം; രണ്ടാം ദിനം ചികിത്സ തേടിയവർ 13,490, കേസുകളിൽ വലിയ വർധന
സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിവസവും പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 13,000ന് മുകളിൽ. 13,490 പേരാണ് ചികിത്സ തേടിയത്. ഇതിൽ 163 പേരെ അഡ്മിറ്റ് ചെയ്തു. ഇന്നലെ 13,258 പേരാണ് ചികിത്സ തേടിയത്. അഡ്മിറ്റ് ചെയ്തവർ 129. ഡെങ്കിപ്പനി ബാധിച്ച ഒരാളുടെ മരണം സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന ആളാണ് മരിച്ചത്. പനി ബാധിച്ച രോഗികളുടെ എണ്ണത്തിൽ നാലു ദിവസത്തിനിടെ വലിയ വർധനയുണ്ടായി. ഈ മാസം 18ന് ആശുപത്രിയിൽ ചികിത്സ തേടിയത് 4,985 പേരായിരുന്നു. ഇതിൽ 63 പേരെ അഡ്മിറ്റ് ചെയ്തു. മലപ്പുറം ജില്ലയിലാണ് കൂടുതൽ പേർ പനി ബാധിച്ച് ചികിത്സയ്ക്കെത്തിയത്–2051. കൂടുതൽ പേരെ അഡ്മിറ്റ് ചെയ്തത് എറണാകുളത്താണ്–35. ഔദ്യോഗിക കണക്കനുസരിച്ച് 282 രോഗികൾക്കാണ് ഡെങ്കി ലക്ഷണം. ഇതിൽ 53 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഡെങ്കിപ്പനി കൂടുതലും കൊല്ലത്താണ്. 16പേർക്ക് രോഗം സ്ഥിരീകരിച്ചു. മലപ്പുറത്ത് 14 പേർക്ക് രോഗമുണ്ട്. ഏഴുപേർക്ക് എലിപ്പനി സ്ഥിരീകരിച്ചു.
പകര്‍ച്ചപ്പനി പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, തദ്ദേശസ്വയംഭരണ മന്ത്രി എം.ബി.രാജേഷ്, വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.