അഞ്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം- അച്ചടക്ക നടപടികളുടെ ഭാഗമായി അഞ്ച് ജീവനക്കാരെ കെ.എസ്.ആർ.ടി.സി സസ്‌പെന്റ് ചെയ്തു. ജൂൺ 13 ന് പൊൻകുന്നം ഡിപ്പോയിൽ നിന്നും പുതുതായി ആരംഭിച്ച  പൊൻകുന്നം പള്ളിക്കത്തോട് കോട്ടയം സർവീസ് തുടങ്ങി ഏകദേശം മൂന്ന് കിലോമീറ്റർ കഴിഞ്ഞപ്പോൾ റാക്ക് ഉപയോഗിച്ച് സർവീസ് നടത്താമെന്നിരിക്കെ ഇ.ടി.എം മെഷീൻ കേടായി എന്ന കാരണം പറഞ്ഞ് സർവീസ് റദ്ദാക്കി.  ബസിൽ നിന്നും യാത്രക്കാരെ ഇറക്കിവിട്ട് കോർപറേഷന് നഷ്ടവും, യാത്രക്കാർക്ക് ക്ലേശവും ഉണ്ടാക്കിയ സംഭവത്തിൽ പൊൻകുന്നം ഡിപ്പോയിലെ കണ്ടക്ടർ ജോമോൻ ജോസിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു.
ജൂൺ ഒന്നിന് വൈക്കം ഡിപ്പോയിലെ അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫീസറുടെ മുറിയിൽ അതിക്രമിച്ച് കയറി, മോശമായി പെരുമാറുകയും, അസഭ്യവാക്കുകൾ പറയുകയും, അതിനുശേഷം വീട്ടിൽ പോകുന്നതിനായി പുറത്തിറങ്ങിയ അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫീസറെ പിന്തുടരുകയും ഡിപ്പോയിലെ ടീ സ്റ്റാളിന് മുമ്പിൽ വെച്ച് വീണ്ടും തടഞ്ഞുനിറുത്തി യാത്രക്കാരുടെയും, ജീവനക്കാരുടെയും മുന്നിൽ വെച്ച് കേട്ടാലറയ്ക്കുന്ന ഭാഷയിൽ അസഭ്യം പറയുകയും, അധിക്ഷേപിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ വൈക്കം ഡിപ്പോയിലെ കണ്ടക്ടർ ബി. മംഗൾ വിനോദിനെയും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു.
ജൂൺ 7 ന് മുണ്ടക്കയം ബസ് സ്റ്റാന്റിൽ പാർക്ക് ചെയ്തിരുന്ന ബസിൽ  മദ്യലഹരിയിൽ കയറി അതിൽ യാത്രചെയ്തിരുന്ന യാത്രക്കാരനെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ അസഭ്യം പറയുകയും, അടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ റെജി ജോസഫിനേയും, ഏഴ് യാത്രക്കാരുമായി സർവീസ് നടത്തിയ സൂപ്പർഫാസ്റ്റിൽ കായംകുളം മുതൽ കൊല്ലം വരെ യാത്രക്കാരന് ടിക്കറ്റ് നൽകാതെ സൗജന്യ യാത്ര അനുവദിച്ച ആലപ്പുഴ യൂനിറ്റിലെ കണ്ടക്ടർ ഇ. ജോമോളേയും, വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരായി ജോലിക്ക് എത്താതിരുന്ന ചങ്ങനാശ്ശേരി ഡിപ്പോയിലെ ഡ്രൈവർ. പി. സൈജുവിനേയും സസ്‌പെന്റ് ചെയ്തു.
Previous Post Next Post
WhatsApp