തൊപ്പിയുടെ ലാപ്പ് ടോപ്പില്‍ നിന്ന് പ്രതീക്ഷിച്ച 'സാധനം ' കിട്ടിയില്ല, പോലീസിന് നിരാശ

മലപ്പുറം - വിവാദ യൂട്യൂബറായ കണ്ണൂര്‍ മാങ്ങാട് സ്വദേശി തൊപ്പി നിഹാദിനെ കുടുക്കാന്‍ ലാപ്പടോപ്പില്‍ പരതിയ പോലീസ് നിരാശരായി. തൊപ്പിക്കെതിരെയുള്ള കുരുക്കു കൂടുതല്‍ മുറുക്കുന്നതിനുള്ള കാര്യങ്ങളൊന്നും തന്നെ പോലീസിന് കിട്ടിയില്ലെന്നാണ് സൂചന. അശ്ലീല വീഡിയോകളുടെ ശേഖരം തൊപ്പിയുടെ ലാപ്പ് ടോപ്പിലുണ്ടാകുമെന്നാണ് പോലിസ് കരുതിയിരുന്നത്. അതിന്റെ പേരില്‍ തൊപ്പിയെ പൂട്ടാമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പ്രതീക്ഷിച്ച രീതിയിലുള്ള കാര്യങ്ങളൊന്നും തന്നെ ലാപ്പ് ടോപ്പില്‍ നിന്ന് ലഭിച്ചില്ല. ലാപ്പ് ടോപ്പ്, ഹാര്‍ഡ് ഡിസ്‌ക്, മൊബൈല്‍ ഫോണുകള്‍ എന്നിവ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. തൊപ്പിക്കെതിരെ കൂടുതല്‍ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ തൊപ്പിയുടെ യൂട്യൂബ് അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ പൊലീസ് നടപടികള്‍ സ്വീകരിക്കും. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന കര്‍ശന നിബന്ധനയോടെയാണ് തൊപ്പിയെ ഇന്നലെ രാത്രി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത്. രണ്ടു ദിവസം കഴിഞ്ഞു വളാഞ്ചേരി സ്റ്റേഷനില്‍ ഹാജരാകണം. 
വളാഞ്ചേരി പോലീസാണ് ഇന്നലെ പുലര്‍ച്ചെ കൊച്ചിയിലെ സുഹൃത്തിന്റെ ഫളാറ്റില്‍ നിന്ന് തൊപ്പിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു. എന്നാല്‍ കണ്ണൂര്‍ കണ്ണപുരം പോലീസിലും തൊപ്പിക്കെതിരെ സമാന കേസുണ്ടായിരുന്നതിനാല്‍ പുറത്തിറങ്ങാനായില്ല. വൈകുന്നേരത്തോടെ കണ്ണപുരം പൊലീസ് വളാഞ്ചേരിയിലെത്തി തൊപ്പിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഈ കേസിലും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതോടെയാണ് തൊപ്പി പുറത്തിറങ്ങിയത്. എറണാകുളത്തെ സുഹൃത്തിന്റെ ഫ്ളാറ്റിന്റെ വാതില്‍ ചവിട്ടി പൊളിച്ചാണ് പൊലീസ് തൊപ്പി നിഹാദിനെ കസ്റ്റഡിയില്‍ എടുത്തത്. ഇതിന്റെ ദൃശ്യങ്ങള്‍ നിഹാദ് പോസ്റ്റ് ചെയ്തിരുന്നു. വാതില്‍ ചവിട്ടി പൊളിച്ച് പൊലീസ് അകത്തെത്തിയതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഒരു മണിക്കൂറോളം തൊപ്പി നിഹാദ് വാതില്‍ തുറക്കാതിരുന്നെന്നും ഒടുവില്‍ വാതില്‍ പൂര്‍ണ്ണമായും ലോക്ക് ആയിപ്പോയ ഘട്ടത്തിലാണ് ചവിട്ടിത്തുറന്നതെന്നുമാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
Previous Post Next Post
WhatsApp