തിരുവനന്തപുരം - സംസ്ഥാന സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പെൻഷനും ക്ഷേമ പെൻഷനും വാങ്ങുന്നവർക്കുള്ള മസ്റ്ററിങ് ജൂൺ 30-ൽനിന്ന് ജൂലൈ 31 വരെ നീട്ടി. ഹൈക്കോടതി സ്റ്റേയെ തുടർന്ന് മസ്റ്ററിങ് ഒരു മാസത്തോളം തടസ്സപ്പെട്ട സാഹചര്യത്തിലാണ് സമയപരിധി നീട്ടിയതെന്ന് അധികൃതർ അറിയിച്ചു.
പെൻഷൻ വാങ്ങുന്നവർ ജീവിച്ചിരിപ്പുണ്ടെന്നും സ്ഥലത്തുണ്ടെന്നും ഉറപ്പാക്കാൻ ഈ വർഷം മുതലാണ് സർക്കാർ മസ്റ്ററിങ് നിർബന്ധമാക്കിയത്. ഏപ്രിൽ ഒന്നിന് അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് സംവിധാനം ആരംഭിച്ചിരുന്നു. എന്നാൽ, കേന്ദ്രസർക്കാർ അംഗീകാരമുള്ള കോമൺ സർവീസ് സെന്ററുകളെയും പങ്കാളികളാക്കണമെന്നാവശ്യപ്പെട്ട് ചിലർ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് നടപടി ഹൈക്കോടതി സ്റ്റേ ചെയ്യുകയാണ്ടായി. 12ന് ശേഷം സ്റ്റേ നീട്ടാത്തതിനാൽ മസ്റ്ററിങ് തുടരാൻ തീരുമാനിക്കുകയായിരുന്നു. നിലവിൽ 65 ശതമാനത്തോളം പേർ മസ്റ്ററിങ് പൂർത്തിയാക്കിയെങ്കിലും അക്ഷയ സെന്ററുകളിലും മറ്റും വൻ തിരക്കാണ് നിലവിൽ അനുഭവപ്പെടുന്നത്. ഒരുമാസം കൂടി നീട്ടിയ സാഹചര്യത്തിൽ തിരക്ക് ഒഴിവാക്കാൻ ഇത് ഏറെ ആശ്വാസകരമാവും.