ഗുവാഹത്തി | അരുണാചൽ പ്രദേശിലെ സിയാങ് ജില്ലയിൽ കരസേനയുടെ ഹെലികോപ്റ്റർ തകർന്നുവീണ് മലയാളിയടക്കം നാലുസൈനികർക്ക് വീരമൃത്യു. ചെറുവത്തൂർ കിഴക്കേമുറിയിലെ എം.കെ. അശോകന്റെയും കെ.വി. കൗസല്യയുടെയും മകൻ കെ.വി. അശ്വിൻ (24) ആണ് മരിച്ച മലയാളി. കോപ്റ്ററിലുണ്ടായിരുന്ന അഞ്ചാമനെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്.
നാലുവർഷമായി സൈന്യത്തിലെ ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ വിഭാഗത്തിൽ സേവനം ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ഓണത്തിനായിരുന്നു അവസാനമായി നാട്ടില്‍ വന്നത്. ഞായറാഴ്ചയ്ക്കുള്ളില്‍ മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് സൂചന. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിവരം ലഭ്യമായിട്ടില്ല.
മിഗ്ഗിങ് എന്ന പ്രദേശത്തായിരുന്നു അപകടം. രണ്ട് സൈനിക ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ അപകട സ്ഥലത്തുനിന്ന് കണ്ടെത്തിയതായി വാര്‍ത്താ ഏജന്‍സി നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. അഞ്ചുപേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്.
