ന്യൂദൽഹി- സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അടുത്ത മാസം പകുതിയോടെ ഇന്ത്യ സന്ദർശിക്കും. ഇന്ത്യൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷണം അനുസരിച്ചാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്ത്യ സന്ദർശിക്കുന്നത്. ഇന്തോനേഷ്യയിലേക്കുള്ള യാത്രാമധ്യേ ദൽഹിയിലെത്തുന്ന എം.ബി.എസ്, പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തും. ഏതാനും മണിക്കൂറുകൾ മാത്രമായിരിക്കും സന്ദർശനം എന്നാണ് വിവരം. നവംബർ 15-16 തീയതികളിൽ നടക്കുന്ന ജി-20 ഉച്ചകോടിയിൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പങ്കെടുക്കും. മോഡിയും ഈ സമ്മേളനത്തിനുണ്ടാകും. ഉഭയകക്ഷി ചർച്ചകൾക്കായി ഇന്ത്യ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ ക്ഷണിച്ചിരുന്നു.