ഓൺലൈൻ ഫയൽ നീക്കത്തിനുള്ള ഇ-ഓഫീസ് സംവിധാനം തകരാറിലായതുകാരണം സംസ്ഥാനത്ത് ഭരണസ്തംഭനം. സെക്രട്ടേറിയറ്റിലെയും വകുപ്പ് ഡയറക്ടറേറ്റുകളിലെയും ഫയലുകളിൽ ദിവസങ്ങളായി തീരുമാനമെടുക്കാനാവുന്നില്ല. കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിനാണ് (എൻ.ഐ.സി.) ഇ-ഓഫീസ് നടത്തിപ്പിന്റെ ചുമതല. വെള്ളിയാഴ്ച ഉച്ചയോടെയാണ് തകരാറിലായത്. അതോടെ ഫയൽനീക്കം നിലച്ചു. മുഖ്യമന്ത്രി വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയശേഷം നിർണായകമായ പല ഫയലുകളിലും തീരുമാനമെടുക്കേണ്ട ദിവസങ്ങളാണ് കടന്നുപോയത്.
തിങ്കളാഴ്ച ചില പ്രശ്നങ്ങൾ പരിഹരിക്കാനായെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. എന്നാലും ഫയൽ നീക്കം മന്ദഗതിയിലാണ്. ഇ-ഓഫീസിന്റെ ഭാഗമായ ഇ-സർക്കാർ എന്ന സോഫ്റ്റ്‌വേറാണ് സെക്രട്ടേറിയറ്റിൽ ഉപയോഗിക്കുന്നത്.
ഡേറ്റാ സെൻററിലെ ഹാർഡ്‌വേറിലുണ്ടായ തകരാറാണ് ഫയൽനീക്കം സ്തംഭിക്കാൻ കാരണം. തകരാർ വേഗം പരിഹരിക്കാനുള്ള ശ്രമം നടക്കുന്നതായി സർക്കാർ വൃത്തങ്ങൾ പറഞ്ഞു. എന്നാൽ, ചൊവ്വാഴ്ചയും പ്രശ്നം പൂർണമായി പരിഹരിക്കാനാവുമെന്ന സൂചനയില്ല.
.png)