കോട്ടക്കല്‍ | ആശുപത്രികളുടെ ദേശീയ-സംസ്ഥാന തല ഗുണനിലവാര പരിശോധനകളില്‍ മികച്ച നേട്ടം കൊയ്ത് ജില്ലയിലെ ആശുപത്രികള്‍. നാഷണല്‍ ക്വാളിറ്റി അഷ്വുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്, കായകല്‍പ്, കാഷ് എന്നീ പുരസ്‌കാരങ്ങളാണ് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങള്‍ കരസ്ഥമാക്കിയത്.
സേവന വ്യവസ്ഥകള്‍, രോഗിയുടെ അവകാശങ്ങള്‍, സഹായ സേവനങ്ങള്‍, ക്ലിനിക്കല്‍ സേവനങ്ങള്‍, അണുബാധ നിയന്ത്രണം തുടങ്ങിയ എട്ട് വിഭാഗങ്ങളിലായി 6500 ചെക്ക് പോയിന്റുകള്‍ വിലയിരുത്തി നല്‍കുന്ന നാഷണല്‍ ക്വാളിറ്റി അഷ്വുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ജില്ലയില്‍ 14 ആരോഗ്യ സ്ഥാപനങ്ങളാണ് കരസ്ഥമാക്കിയത്.
ജില്ലയില്‍ ചോക്കാട്, മൊറയൂര്‍, കോട്ടക്കല്‍, തിരുനാവായ, അത്താണിക്കല്‍, വഴിക്കടവ്, പാണ്ടിക്കാട് എന്നീ കുടുബാരോഗ്യ കേന്ദ്രങ്ങളും, ചാലിയാര്‍, അമരമ്പലം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും, മുമ്മുള്ളി, ഇരവി മംഗലം, മംഗലശ്ശേരി, ബിയ്യം, പൊന്നാനി എന്നീ നഗര കുടുംബാരോഗ്യ കേന്ദ്രങ്ങളുമാണ് എന്‍.ക്യു.എ.എസ് പുരസ്‌കാരത്തിന് അര്‍ഹമായത്.
ഒപി വിഭാഗം, ലബോറട്ടറി, ഫാര്‍മസി, പൊതുജനാരോഗ്യ വിഭാഗം എന്നിവയുടെ പ്രവര്‍ത്തനം, ദേശീയ ആരോഗ്യ പദ്ധതികളുടെ നടത്തിപ്പ്, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മാതൃ-ശിശു ആരോഗ്യം, ജീവിതശൈലി രോഗ നിയന്ത്രണം, പ്രതിരോധ കുത്തിവെയ്പ്പ്, ജീവനക്കാരുടെ സേവനം, രോഗികളുടെയും ജീവനക്കാരുടെയും അഭിപ്രായങ്ങള്‍ പ്രകാരമുള്ള മികച്ച സേവനം ലഭ്യമാക്കല്‍, ഓഫീസ് നിര്‍വ്വഹണം എന്നിവയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് എന്‍.ക്യു.എ.എസ് അംഗീകാരം നല്‍കുന്നത്.
പ്രസ്തുത ഗുണനിലവാരം നിലനിര്‍ത്തുന്നതിന് മൂന്ന് വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ഫണ്ടും ലഭിക്കും. സംസ്ഥാനതലത്തിലും ജില്ലാതലത്തിലുമുള്ള പരിശോധനകള്‍ക്ക് ശേഷം എന്‍.എച്ച്.എസ്.ആര്‍.സി നിയമിക്കുന്ന ദേശീയതല പരിശോധനകള്‍ക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. ഇവയില്‍ ഓരോ വിഭാഗത്തിലും 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്ന സ്ഥാപനങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ് അംഗീകാരം നല്‍കുന്നത്.
പി.എച്ച്.സി, അര്‍ബന്‍ പി.എച്ച്.സി എന്നിവയ്ക്ക് മൂന്ന് വര്‍ഷത്തേക്ക് രണ്ട് ലക്ഷം രൂപ എന്ന വിധത്തില്‍ ആറ് ലക്ഷമാണ് പുരസ്‌കാരമായി ലഭിക്കുക. കിടത്തി ചികിത്സയുള്ള ആശുപത്രികള്‍ക്ക് ബെഡ് ഒന്നിന് 10,000 രൂപ എന്ന നിരക്കിലാണ് പുരസ്‌കാര തുക. ഇത് മൂന്ന് വര്‍ഷത്തേക്ക് ലഭിക്കും.
സ്വച്ഛഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായുള്ള കായകല്‍പ് പുരസ്‌കാരം ജില്ലയില്‍ 11 ആരോഗ്യ സ്ഥാപനങ്ങളാണ് കരസ്ഥമാക്കിയത്. നിലമ്പൂര്‍, തിരൂര്‍ ജില്ലാ ആശുപത്രികള്‍, പൊന്നാനി താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ആശുപത്രി, കാളികാവ്, ഓമാനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, വഴിക്കടവ്, കോട്ടക്കല്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, മുമ്മുള്ളി, മംഗലശ്ശേരി, ഇരവിമംഗലം നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവയാണ് കായകല്‍പ് പുരസ്‌കാരം നേടിയത്.
സര്‍ക്കാര്‍ മേഖലയിലെ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് കായകല്‍പ്. ആശുപത്രികളില്‍ ജില്ലാ-സംസ്ഥാനതലത്തിലുള്ള പരിശോധനകള്‍ നടത്തിയാണ് അവാര്‍ഡ് നല്‍കുന്നത്. ഒന്നാം സ്ഥാനം ലഭിക്കുന്ന ആശുപത്രിക്ക് 50 ലക്ഷം രൂപയാണ് പുരസ്‌കാര തുകയായി ലഭിക്കുക.
2019-20 കാലയളവില്‍ ജില്ലാ തലത്തില്‍ മികച്ച ആശുപത്രിക്കുള്ള 50 ലക്ഷം രൂപ പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയാണ് കരസ്ഥമാക്കിയത്. രണ്ടാം സ്ഥാനക്കാര്‍ക്ക് 20 ലക്ഷം രൂപയും പ്രോത്സാഹനമായി മൂന്ന് ലക്ഷം രൂപയും ലഭിക്കും. താലൂക്ക് ആശുപത്രികള്‍ക്ക് ഒന്നാം സമ്മാനമായി 20 ലക്ഷവും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയുമാണ് നല്‍കുന്നത്.സാമൂഹിക ആരോഗ്യകേന്ദ്രങ്ങള്‍ക്ക് 15 ലക്ഷം രൂപയും പ്രോത്സാഹനമായി മൂന്ന് ലക്ഷം രൂപയും ലഭിക്കും. പി.എച്ച്.സി, യു.പി.എച്ച്.സി തലത്തില്‍ രണ്ട് ലക്ഷം രൂപ ഒന്നാം സമ്മാനവും പ്രോത്സാഹനമായി 50,000 രൂപയും ലഭിക്കും.
കേരളത്തിലെ ആശുപത്രികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി രൂപകല്‍പന ചെയ്ത ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡ് ആയ കാഷ് പുരസ്‌കാരത്തിന് ജില്ലയിലെ എട്ട് ആരോഗ്യ കേന്ദ്രങ്ങള്‍ അര്‍ഹരായി. കോട്ടക്കല്‍, ചോക്കാട്, മെറയൂര്‍, അത്താണിക്കല്‍, വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രങ്ങളും, മുമ്മുള്ളി, മംഗലശ്ശേരി, ഇരവിമംഗലം നഗര കുടുംബാരോഗ്യ കേന്ദ്രങ്ങളുമാണ് കാഷ് പുരസ്‌കാരം നേടിയത്. ഇതിലൂടെ ആശുപ്രതികളുടെ നിലവാരം, രോഗീ പരിചരണം, ശുചിത്വം, അണുബാധ നിയന്ത്രണം, മറ്റ് സൗകര്യങ്ങള്‍ എന്നിവ വിലയിരുത്തിയാണ് കാഷ് സര്‍ട്ടഫിക്കേഷന്‍ നല്‍കുന്നത്.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍ എന്നിവയില്‍ ജില്ലാതല പരിശോധനയും തുടര്‍ന്ന് സംസ്ഥാന തല പരിശോധനയും നടത്തിയാണ് കാഷ് അക്രഡിറ്റേഷന്‍ നല്‍കി വരുന്നത്.
