പരുത്തി തോട്ടങ്ങളിലും മറ്റും കാണപ്പെടുന്ന ഒരുതരം പുഴുവാണ്, കർണാടകയിലാണു കണ്ടുപിടിച്ചത്, കടി കിട്ടിയാൽ 5 മിനിറ്റിനുള്ളിൽ മരണം ഉറപ്പ്. ഇവ പാമ്പിനെക്കാൾ വിഷമുള്ളതാണ്, എല്ലാവർക്കും പ്രത്യേകിച്ച് കൃഷിക്കാർക്കും പങ്ക് വെയ്ക്കാനാണ് പറഞ്ഞിരിക്കുന്നത് “. ഇങ്ങനെ ഒരു എഴുത്തിനൊപ്പം അരികുകളിൽ പച്ചനിറത്തിൽ തൂവൽ പോലെ നിറയെ രോമ അലങ്കാരവും തിളങ്ങുന്ന വർണമുത്തുകൾ കോർത്തുണ്ടാക്കിയതുപോലെ അതിമനോഹര ശരീരവും ഉള്ള ഒരു കാറ്റർപില്ലറിന്റെ ചിത്രം കൂടി പങ്കു വെച്ചത് പരക്കുന്നുണ്ട്. ഹിന്ദിയിൽ വന്ന ഒരു ഹോക്സ് ഏതോ ദുഷ്ടൻ മലയാളത്തിൽ മാറ്റി എഴുതി പ്രചരിപ്പിച്ചതാണ്. പരുത്തി തോട്ടത്തിൽ മരിച്ച് കിടക്കുന്ന രണ്ടു പേരുടെ ഭയാനക ചിത്രവും കൂടെ ചേർന്ന ഒരു പരോപകാര കിംവദന്തി പല വാട്ട്സാപ്പ് യൂണിവേഴ്സിറ്റി കേശവമാമൻ പ്രഫസർമാരും പങ്കുവെച്ച് കൊണ്ടിരിക്കുകയാണ് കുറേ ദിവസമായി.
ഈ പുഴുകടിച്ച് മരിച്ച് കിടക്കുന്നവർ എന്ന് പറഞ്ഞ് കൊടുത്തിരിക്കുന്ന ചിത്രങ്ങൾ മഹാരാഷ്ട്രയിൽ പരുത്തിതോട്ടത്തിൽ വളമിടുന്നതിനിടയിൽ മിന്നലേറ്റ് മരിച്ച അച്ചനും മകനും ആണ്. അല്ലാതെ പുഴു കടിച്ച് മരിച്ചവരല്ല. എങ്കിലും മോത്തുകളുടെ കാറ്റർപില്ലറുകൾ എല്ലാം അത്ര സാധുക്കൾ ഒന്നും ആയിരിക്കണം എന്നും ഇല്ല.
ദക്ഷിണ അമേരിക്കയിൽ കണ്ടുവരുന്ന saturniid വിഭാഗത്തിലെ നിശാശലഭമായ Lonomia obliqua, (giant silkworm moth) കാറ്റർപില്ലറിന്റെ രോമ മുനകളോട് ബന്ധിച്ചിരിക്കുന്ന ഗ്രന്ഥികൾ ഉണ്ടാക്കുന്ന വിഷം മനുഷ്യർക്കും അപകടകരമാണ്. പലതവണ മുട്ടിയാൽ മാത്രമേ ജീവാപായം ഉണ്ടാകേണ്ടത്ര വിഷം മനുഷ്യ ശരീരത്തിലെത്തുകയുള്ളു എന്ന ആശ്വാസം ഉണ്ട്. തെക്കൻ ബ്രസീലിലും മറ്റും നിരവധി ആളുകൾ ഇവയുടെ രോമം തട്ടി മരിച്ച് പോയിട്ടുണ്ട്. രോമം തട്ടിയാൽ ഡിസ്മനിറ്റേഡ് ഇൻട്രാവാസ്കുലാർ കോഗുലേഷൻ (disseminated intravascular coagulation) ആണ് സംഭവിക്കുക. രക്തം കട്ടപിടിക്കുകയും, അത് ശരീരം മുഴുക്കെ പരക്കുകയും, തലച്ചോറിൽ രക്തം കട്ടകെട്ടി മരണം സംഭവിക്കുകയും ചെയ്യാം എന്നതാണ് ഇതിന്റെ ഭവിഷ്യത്ത് ഏറ്റവും കടുത്ത വിഷമുള്ള പുഴുവായി ഇതാണ് ഗിന്നസ് ലോക റെക്കോഡ് ബുക്കിൽ കയറിയിട്ടുള്ളത്.
