വടക്കഞ്ചേരി അപകടം; ഒളിവിൽ പോയ ടൂറിസ്റ്റ് ബസ് ഡ്രൈവർ കൊല്ലത്ത് പിടിയിൽ.


  കൊല്ലം | വടക്കഞ്ചേരി അപകടം നടന്നതിന് പിന്നാലെ ഒളിവിൽ പോയ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ പിടിയിൽ. കൊല്ലം ചവറയിൽ വച്ചാണ് ഇയാളെ പിടികൂടിയത്. തിരുവനന്തപുരത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ജോമോനെ ചവറ പൊലീസ് പിടികൂടിയത്. 


അപകടത്തിന് പിന്നാലെ ഇയാൾ തൃശൂരിലെ ആശുപത്രിയിൽ ചികിത്സ തേടി. പിന്നാലെ അവിടെ നിന്ന് തിരുവനന്തപുരത്തേക്ക് കടക്കാനായിരുന്നു ശ്രമം. 


ഇയാളെ ചവറ പൊലീസ് ചോദ്യം ചെയ്യുകയാണ്. അന്വേഷണത്തിന്റെ ഭാ​ഗമായി വടക്കഞ്ചേരി പൊലീസിന് കൈമാറും. വടക്കഞ്ചേരി അഞ്ചുമൂർത്തിമം​ഗലത്തിന് സമീപം സ്‌കൂളില്‍ നിന്നു വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ വിദ്യാർത്ഥികളടക്കം പത്ത് പേര്‍ മരിച്ചു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. ഏഴു പേരുടെ നില ഗുരുതരമാണ്.

അഭിഭാഷകനെ കാണാൻ പോകുന്നതിനിടെയാണ് ജോമോൻ പിടിയിലായത്. ജോമോനെ രക്ഷപെടാൻ സഹായിച്ച രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം, കോട്ടയം സ്വദേശികളാണ് ഇവർ.


പാലക്കാട് അഞ്ചുമൂർത്തിമംഗലം കൊല്ലത്തറയിൽ രാത്രി 11.30 നു ആയിരുന്നു അപകടം. ബസ് അപകടത്തിൽ അഞ്ച് വിദ്യാർത്ഥികൾ അടക്കം ഒന്‍പത് പേരാണ് മരിച്ചത്. മരിച്ചവരിൽ സ്‌കൂളിലെ കായിക അധ്യാപകനും മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാരും ഉൾപ്പെടുന്നു. എറണാകുളം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് ഇന്നലെ വൈകിട്ട് കുട്ടികളുമായി വിനോദയാത്രയ്ക്ക് പുറപ്പെട്ട ബസ് രാത്രി കെഎസ്ആര്‍ടിസി ബസിന്‍റെ പിന്നിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ബസ് വെട്ടിപ്പൊളിച്ചാണ് കുട്ടികളെ അടക്കം പുറത്തെടുത്തത്. നാല്‍പ്പതോളം പേർക്ക് പരിക്കേറ്റു. ടൂറിസ്റ്റ് ബസിന്‍റെ അമിതവേഗമാണ് അപകടം ഉണ്ടാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവർ ജോമോനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. 


അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി ദ്രൗപദി മുർമുവും അനുശോചിച്ചു. അതീവ ദുഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ധനസഹായവും പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്നും 2 ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് അന്‍പതിനായിരം രൂപവീതവും സഹായധനം നല്‍കും. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കാനായി പ്രാർത്ഥിക്കുന്നുവെന്നും നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. 



Previous Post Next Post
WhatsApp