മലപ്പുറം | മഞ്ചേരി മേലാക്കത്ത് വയോധികനെ ഭാര്യ കുത്തിക്കൊന്നു. കോഴിക്കാട്ടുക്കുന്ന് നാരങ്ങാത്തൊടി കുഞ്ഞിമുഹമ്മദാണ് (65) മരിച്ചത്. ഇന്ന് രാവിലെ 11നാണ് സംഭവം. ഭാര്യ നഫീസയെ പൊലിസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
വീട്ടില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു. കുഞ്ഞിമുഹമ്മദിന്റെ പുറംഭാഗത്താണ് കുത്തേറ്റത്. പ്രദേശവാസികള്‍ ചേര്‍ന്ന് ഉടന്‍ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പോസ്റ്റുമോര്‍ട്ട നടപടികള്‍ക്കായി മൃതദേഹം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവം നടക്കുമ്പോൾ കുഞ്ഞിമുഹമ്മദും നഫീസയും രണ്ടാമത്തെ മകനും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
