തട്ടിക്കൊണ്ടുപോയ വ്യാപാരിയെ മോചിപ്പിച്ചുപ്രധാനപ്രതികളിലൊരാൾവിമാനത്താവളത്തിൽ പിടിയിൽ.
കോഴിക്കോട് | മൂന്നു ദിവസംനീണ്ട അനിശ്ചിതത്വത്തിനും കാത്തിരിപ്പിനും ഒടുവിൽ തട്ടിക്കൊണ്ടുപോയ വ്യാപാരിയെ കള്ളക്കടത്ത് സംഘം മോചിപ്പിച്ചു. ‘എ ടു ഇസെഡ്’ സൂപ്പർ മാർക്കറ്റ് ഉടമ തച്ചംപൊയിൽ അവേലം പയ്യമ്പടി മുഹമ്മദ് അഷ്റഫ് എന്ന വിച്ചി(55)യെയാണ് ചൊവ്വാഴ്ച രാത്രി വിട്ടയച്ചത്.
ഗൾഫിലെ ബന്ധുവിന്റെ പണമിടപാടിന്റെ പേരിൽ ബന്ദിയാക്കി ഭീഷണിപ്പെടുത്താൻ താമരശ്ശേരി വെഴുപ്പൂരിൽവെച്ച് സ്വർണക്കടത്തുകേസ് പ്രതി ഉൾപ്പെട്ട സംഘമാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. സംഭവം പുറത്തറിയുകയും പ്രതികളിലൊരാളായ മുഹമ്മദ് ജൗഹർ വലയിലാവുകയും പോലീസ് അന്വേഷണം ഊർജിതമാക്കുകയും ചെയ്തതോടെയാണ് മുഹമ്മദ് അഷ്റഫിനെ സംഘം വിട്ടയച്ചത്. കൊല്ലത്തുനിന്ന് ബസ് മാർഗം താമരശ്ശേരിയിലെത്തിയ മുഹമ്മദ് അഷ്റഫ് രാത്രി 11.15-ഓടെയാണ് ഓട്ടോയിൽ വീട്ടിലെത്തിയത്.
കേസിലെ പ്രധാന പ്രതിയായ മലപ്പുറം രണ്ടത്താണി കഴുങ്ങിൽവീട്ടിൽ മുഹമ്മദ് ജൗഹറിനെ (33) കഴിഞ്ഞദിവസം രാത്രിയാണ് പോലീസ് അറസ്റ്റുചെയ്തത്. സൗദിയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് കോഴിക്കോട് വിമാനത്താവളത്തിൽവെച്ച് ഇയാൾ പിടിയിലായത്. ജൗഹറും തട്ടിക്കൊണ്ടുപോയ സംഘത്തിലെ മൂന്നുസുഹൃത്തുക്കളും സഞ്ചരിച്ച ഥാർ ജീപ്പും മുഹമ്മദ് അഷ്റഫിനെ തട്ടിക്കൊണ്ടുപോകവേ സംഘാംഗങ്ങൾ സഞ്ചരിച്ച സ്വിഫ്റ്റ് കാറുംകൂടി ചൊവ്വാഴ്ച താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. അഷ്റഫിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ടാറ്റാസുമോ സംഭവത്തിന് പിറ്റേന്നുതന്നെ മുക്കത്തുനിന്ന് കസ്റ്റഡിയിലെടുത്തിരുന്നു.
ചേന്ദമംഗലൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ടാറ്റാ സുമോയും സംഘാംഗങ്ങൾ സഞ്ചരിച്ച മലപ്പുറം മോങ്ങം സ്വദേശിയുടെ സ്വിഫ്റ്റ് കാറും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് താമരശ്ശേരി ഡിവൈ.എസ്.പി. അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം കസ്റ്റഡിയിലെടുത്തത്. ഇരുവാഹനവും വാടകയ്ക്കെടുത്തതായിരുന്നു.
കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിലും പേരാമ്പ്രയിൽ സ്വർണ ഇടപാടുമായി ബന്ധപ്പെട്ട് അൻസൽ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിലും പ്രതിയായ കൊടിയത്തൂർ ഇല്ലങ്കൽ അലി ഉബൈറാൻ (25) എന്നയാളുടെ തിരിച്ചറിയൽരേഖവെച്ചാണ് ടാറ്റാസുമോ വാടകയ്ക്കെടുത്തതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. അലി ഉബൈറാന്റെ വീട്ടിൽ തിരച്ചിൽ നടത്തിയ പോലീസ്, കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി ചോദ്യംചെയ്തെങ്കിലും അലി ഒളിവിൽ തുടരുകയായിരുന്നു.
തട്ടിക്കൊണ്ടുപോയ സംഘത്തിലെ ആറുപേരെക്കുറിച്ച് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ ജൗഹറിന്റെ വീട്ടിലും ബന്ധുവീട്ടിലും പോലീസ് പരിശോധന നടത്തിയിരുന്നു. പിടികൂടുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് ജൗഹർ സൗദിയിലേക്ക് കടക്കാൻ ശ്രമം നടത്തിയത്


