കോഴിക്കോട് | താമരശ്ശേരിയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച രണ്ടു കാറുകളിലൊന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തു. കോഴിക്കോട് റജിസ്ട്രേഷനുള്ള കാറാണ് കസ്റ്റഡിയിലെടുത്തത്. ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം റജിസ്ട്രേഷനിലുള്ള കാറും ഇന്നു കസ്റ്റഡിയിൽ എടുക്കും. വാഹനങ്ങൾ വാടകയ്ക്ക് നൽകിയതെന്നാണ് ഉടമകളുടെ മൊഴി.
ഗൾഫിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് താമരശേരി തച്ചംപൊയിൽ അവേലം സ്വദേശി മുഹമ്മദ് അഷ്റഫിനെ (55) രണ്ടു കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കരിപ്പൂർ സ്വർണക്കടത്തു കേസിലെ പ്രതിയായ കൊടിയത്തൂർ സ്വദേശിയുടെ നേതൃത്വത്തിലുള്ളവരാണ് തട്ടിക്കൊണ്ടു പോയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്