കോയമ്പത്തൂര്‍ ഉക്കടത്ത് കാറിൽ സ്ഫോടനം; ഡ്രൈവർ മരിച്ചു.


 കോയമ്പത്തൂർ |

ഉക്കടം കോട്ടമേട് ഭാഗത്ത് കോട്ടൈ ഈശ്വരൻ കോവിലിനു മുന്നിൽ കാറിലുണ്ടായ സ്ഫോടനത്തിൽ ഡ്രൈവർ മരിച്ചു. ഉക്കടം ജി.എം. കോളനിയിൽ ജമീഷ മുബീനാണ്‌ (25) മരിച്ചത്. ഞായറാഴ്ച വെളുപ്പിന് നാലരയോടെയാണ് സംഭവം. സ്ഫോടനത്തിൽ കാർ രണ്ടായി പിളർന്നു. കാറിലുണ്ടായിരുന്ന രണ്ടു സിലിൻഡറുകളിലൊന്നാണ് പൊട്ടിത്തെറിച്ചതെന്ന് പോലീസ് പറഞ്ഞു. ക്ഷേത്രഗോപുരത്തിന് തൊട്ടുമുന്നിലാണ് സംഭവം. ഡി.ജി.പി. ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി.


ദീപാവലി ആഘോഷത്തോടടുപ്പിച്ചുണ്ടായ സ്ഫോടനം നഗരത്തിൽ പരിഭ്രാന്തി പരത്തി. പോലീസ് കമ്മിഷണർ കെ. ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള ഉന്നതോദ്യോഗസ്ഥർ അതിവേഗം സ്ഥലത്തെത്തി ആളുകളെ ഒഴിപ്പിച്ചു. അഗ്നിരക്ഷാസേനയെത്തിയാണ് കാറിലെ തീയണച്ചത്. പൂർണമായും കത്തിക്കരിഞ്ഞ് തിരിച്ചറിയാനാകാത്ത നിലയിലായിരുന്നു ഡ്രൈവറുടെ മൃതദേഹം. സംഭവം നടന്നയുടൻ പ്രദേശത്തേക്കുള്ള മുഴുവൻ റോഡുകളും പോലീസ് അടച്ചു. കനത്ത സുരക്ഷയും ഏർപ്പെടുത്തി. വിരലടയാളവിദഗ്ധരും സ്നിഫർ ഡോഗും സ്ഥലത്ത്‌ പരിശോധന നടത്തി. ചെന്നൈയിൽനിന്ന് പ്രത്യേക ബോംബ് സ്ക്വാഡും എത്തി. വാഹനമോടിച്ച ജമീഷ മുബീന്റെ വീട്ടിൽനിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തതായി ഡി.ജി.പി. ഡോ. സി. ശൈലേന്ദ്രബാബു പത്രസമ്മേളനത്തിൽ പറഞ്ഞു.


പഴയ തുണികൾ ശേഖരിച്ച് വിൽപ്പന നടത്തുന്ന ഇയാളുടെ വീട്ടിൽ ഉന്നത പോലീസ് സംഘം നടത്തിയ പരിശോധനയിൽ പൊട്ടാസ്യം നൈട്രേറ്റ്, അലുമിനിയം പൗഡർ തുടങ്ങിയവ കണ്ടെത്തി. സ്ഫോടനം നടന്ന കാറിൽനിന്ന്‌ നിറയെ ആണികളും കണ്ടെത്തിയിരുന്നു. എൻജിനിയറിങ് ബിരുദമുള്ള ജമീഷയെ 2019ൽ ഒരു കേസുമായി ബന്ധപ്പെട്ട് എൻ.ഐ.എ. ചോദ്യം ചെയ്തിരുന്നു. സ്ഫോടനം നടന്നത് ക്ഷേത്രത്തിന് തൊട്ടുമുന്നിലായതുകൊണ്ട് ദുരൂഹതയെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് കമ്മിഷണർ പറഞ്ഞു.


ജമീഷ ഉപയോഗിച്ച കാർ പൊള്ളാച്ചി സ്വദേശി പ്രഭാകരന്റേതായിരുന്നെന്നും പിന്നീട് പത്തുതവണ കൈമാറ്റം നടന്നിരുന്നെന്നും പോലീസ് കണ്ടെത്തി. ഗ്യാസ് സിലിൻഡർ സംഘടിപ്പിച്ച് നൽകിയവരുടെ വിവരങ്ങളും പോലീസിന് ലഭിച്ചു. എ.ഡി.ജി.പി. താമരക്കണ്ണൻ, ഡി.ഐ.ജി. മുത്തുസ്വാമി എന്നിവരും സംഭവസ്ഥലം സന്ദർശിച്ചു.

Previous Post Next Post
WhatsApp