| ജലവിഭവ വകുപ്പ് മന്ത്രിക്ക് കെ.ഡി.എഫ് സംസ്ഥാന സെക്രട്ടറി അബ്ദുൽ റഹിം പൂക്കത്തിൻ്റെ നേതൃത്വത്തിൽ നിവേദനം നൽകുന്നു. |
തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്കിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരള ഡെവലപ്മെൻറ് ഫോറം (KDF). തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭകളുടെ മധ്യത്തിലൂടെ ഒഴുകുന്ന കടലുണ്ടി പുഴയിലെ മൂഴിക്കൽ ഭാഗത്ത് തടയണ (അണക്കെട്ട്) നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കെ.ഡി.എഫ് ഭാരവാഹികൾ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി.
വേനൽക്കാലത്ത് തിരൂരങ്ങാടി, പരപ്പനങ്ങാടി, മൂന്നിയൂർ, വള്ളിക്കുന്ന് ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഇതിന് ശാശ്വതമായ പരിഹാരം കാണാൻ മൂഴിക്കലിൽ തടയണ നിർമ്മിക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
സംസ്ഥാന പ്രസിഡണ്ട് പി.എൻ. അബ്ദുൽ അസീസ് കടലുണ്ടി, സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, നസ്റുദ്ധീൻ തങ്ങൾ കൊട്ടത്തല, സുബൈർ പി.പി. ആനങ്ങാടി, ഷുക്കൂർ പി.എം, ഷൈനി പട്ടാളത്തിൽ (തിരൂരങ്ങാടി) എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിയെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചത്. പദ്ധതിക്ക് അടിയന്തര പ്രാധാന്യത്തോടെ അംഗീകാരം നൽകണമെന്ന് സംഘം മന്ത്രിയോട് ആവശ്യപ്പെട്ടു.
കൂടുതൽ വാർത്തകൾക്ക് കരുമ്പിൽ ലൈവ് ന്യൂസ് ഫോളോ ചെയ്യുക.