തിരൂരങ്ങാടി: ഗവ. താലൂക്ക് ആശുപത്രിയിൽ ഏറെ നാളായി ഒഴിഞ്ഞുകിടന്നിരുന്ന ജനറൽ മെഡിസിൻ വിഭാഗത്തിലേക്ക് പുതിയ ഫിസിഷ്യനെ നിയമിച്ചു. ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സിന്റെ (എൻ.എഫ്.പി.ആർ) ശക്തമായ ഇടപെടലിനെ തുടർന്നാണ് ആരോഗ്യവകുപ്പിന്റെ അടിയന്തര നടപടി. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഡോ. കെ. നസ്റുദ്ധീനെയാണ് തിരൂരങ്ങാടിയിലേക്ക് നിയമിച്ചിട്ടുള്ളത്.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലുണ്ടായിരുന്ന ഫിസിഷ്യൻ സ്ഥലം മാറിപ്പോയതിനെ തുടർന്ന് കഴിഞ്ഞ രണ്ട് മാസത്തോളമായി ഈ തസ്തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു. ദിവസേന രണ്ടായിരത്തിലേറെ രോഗികൾ എത്തുന്ന ആശുപത്രിയിൽ ജനറൽ മെഡിസിൻ വിഭാഗത്തിൽ ഡോക്ടറില്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്.
ഫിസിഷ്യനെ അടിയന്തരമായി നിയമിക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകനും എൻ.എഫ്.പി.ആർ തിരൂരങ്ങാടി താലൂക്ക് ജനറൽ സെക്രട്ടറിയുമായ അഷ്റഫ് കളത്തിങ്ങൽ പാറ ഫെബ്രുവരി 10-ന് ജില്ലാ മെഡിക്കൽ ഓഫീസർക്കും, ഫെബ്രുവരി 13-ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജിനും പരാതി നൽകിയിരുന്നു. തുടർന്ന് വിഷയത്തിൽ നേരിട്ട് ഇടപെട്ട മന്ത്രി വീണാ ജോർജ്ജ് ഫെബ്രുവരി 16-ന് ഡോക്ടറെ നിയമിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് കർശന നിർദ്ദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് ഡയറക്ടർ കെ.ജെ. റീന പുതിയ ഡോക്ടറെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത്.
നിലവിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ സ്ത്രീരോഗ വിഭാഗത്തിൽ പ്രസവാവധിയിലുള്ള ഡോ. ഇ. സഹനയെ അരീക്കോട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി നിയമിച്ചിട്ടുണ്ട്. പകരം സ്ത്രീരോഗ വിഭാഗം ഡോക്ടർ ഉടൻ തന്നെ തിരൂരങ്ങാടിയിൽ എത്തും.
വാർത്ത: കരുമ്പിൽ ലൈവ് ന്യൂസ് ഡെസ്ക്