ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. ഇന്ന് പുലർച്ചെ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ ഇസ്റാഈലും അമേരിക്കയും ചേർന്ന് സംയുക്ത ആക്രമണം നടത്തി. ഒമാൻ കടലിടുക്കിൽ നിലയുറപ്പിച്ചിരുന്ന അമേരിക്കൻ പടക്കപ്പലിൽ നിന്നാണ് ഇറാനുനേരെ അതിശക്തമായ മിസൈൽ ആക്രമണമുണ്ടായത്.
ലക്ഷ്യം ഇറാൻ ഭരണകൂടം:
ഇറാൻ ഭരണകൂടത്തിന്റെ തലപ്പത്തുള്ളവരെ ലക്ഷ്യമിട്ടായിരുന്നു ഈ സംയുക്ത നീക്കം. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖംനഈയുടെ ഓഫീസിന് സമീപം വൻ സ്ഫോടനങ്ങൾ നടന്നതായി ഇറാൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് പിന്നാലെ ഖംനഈയെ ടെഹ്‌റാനിൽ നിന്ന് അതീവ സുരക്ഷിതമായ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി ഔദ്യോഗിക മാധ്യമങ്ങൾ അറിയിച്ചു. ഇറാന്റെ സൈനിക ഭീഷണികൾ ഇല്ലാതാക്കാനുള്ള 'മുൻകരുതൽ ആക്രമണം' എന്നാണ് ഇസ്റാഈൽ പ്രതിരോധ മന്ത്രി ഇസ്റാഈൽ കാറ്റ്‌സ് ഇതിനെ വിശേഷിപ്പിച്ചത്. ഇസ്രായേൽ തനിച്ചല്ല, അമേരിക്കയുടെ സജീവ പങ്കാളിത്തത്തോടെയാണ് ആക്രമണം നടക്കുന്നതെന്ന് വാഷിംഗ്ടണും സ്ഥിരീകരിച്ചു.
യുഎസ് സൈന്യം പോരാട്ടം ആരംഭിച്ചെന്ന് ഡൊണാൾഡ് ട്രംപ്:
അമേരിക്കൻ സൈന്യം ഇറാനിൽ പോരാട്ടം ആരംഭിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. അമേരിക്കൻ ജനതയെ സംരക്ഷിക്കുന്നതിനും ഇറാന്റെ ഭീഷണി അവസാനിപ്പിക്കുന്നതിനുമാണ് ഈ നീക്കമെന്ന് ട്രംപ് വ്യക്തമാക്കി. ഇറാന്റെ ഭരണകൂടത്തെ അസ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഖംനഈ അഭയം പ്രാപിക്കാൻ സാധ്യതയുള്ള ഇടങ്ങൾ കേന്ദ്രീകരിച്ച് മിസൈൽ വർഷം നടത്തിയത്. എന്നാൽ, ഒരു പരമാധികാര രാജ്യത്തിന്റെ ഭരണത്തലവനെ നീക്കം ചെയ്യുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ലോകരാജ്യങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഇസ്റാഈലിൽ അതീവ ജാഗ്രത:
ഇറാനിൽ നിന്നുള്ള ശക്തമായ തിരിച്ചടി ഏതുനിമിഷവും പ്രതീക്ഷിക്കുന്നതിനാൽ ഇസ്റാഈലിൽ രാജ്യവ്യാപകമായി യുദ്ധകാലാടിസ്ഥാനത്തിലുള്ള മുൻകരുതലുകൾ സ്വീകരിച്ചു. രാജ്യമൊട്ടാകെ സൈറണുകൾ മുഴങ്ങുകയും ജനങ്ങളോട് അടിയന്തരമായി ബങ്കറുകളിലേക്ക് മാറാൻ സൈന്യം നിർദ്ദേശിക്കുകയും ചെയ്തു. ഹോം ഫ്രണ്ട് കമാൻഡ് രാജ്യത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്.
വാർത്ത: കരുമ്പിൽ ലൈവ് ന്യൂസ് ഡെസ്ക്