(തിരൂരങ്ങാടി): പുതുതായി നിർമ്മാണം ആരംഭിച്ച തിരൂരങ്ങാടി വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തിയിൽ അനാസ്ഥയുണ്ടെന്ന് ആരോപണം. നിർമ്മാണ ഘട്ടത്തിൽ തന്നെ ഫൗണ്ടേഷനിൽ വിള്ളലുകൾ കണ്ടതാണ് പരാതിക്ക് ഇടയാക്കിയത്.
സിമന്റിന്റെ അളവ് വളരെ കുറവാണെന്നും, പല ഭാഗങ്ങളിലും വിള്ളലുകൾ വീണതായും സാമൂഹിക പ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ അബ്ദുറഹിം പൂക്കത്ത്, പൊതുപ്രവർത്തകനായ പി.എൻ അബ്ദുൽ അസീസ് എന്നിവർ ചൂണ്ടിക്കാട്ടി. ഇവർ തിരൂരങ്ങാടി തഹസിൽദാർക്ക് രേഖാമൂലം പരാതി നൽകി.
സാധാരണക്കാരായ പൗരന്മാരുടെ നികുതിപ്പണം ഉപയോഗിച്ചുളള നിർമ്മാണ പ്രവർത്തനങ്ങളിൽ കോൺട്രാക്ടറുടെ ഭാഗത്തുനിന്നുള്ള വീഴ്ചകൾ അനുവദിക്കരുത്. അനാസ്ഥ മൂലം ഭാവിയിൽ ഉണ്ടായേക്കാവുന്ന അപകടങ്ങൾ ഒഴിവാക്കാനും സർക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടാകാതിരിക്കാനും കെട്ടിട നിർമ്മാണം വിലയിരുത്തുന്നതിന് ഒരു മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കണമെന്ന് പരാതിക്കാർ ആവശ്യപ്പെട്ടു.
വിഷയത്തിൽ അടിയന്തരമായി ഇടപെടാമെന്നും വേണ്ട നടപടികൾ സ്വീകരിക്കാമെന്നും തഹസിൽദാർ ഉറപ്പ് നൽകി. ഫൗണ്ടേഷൻ വിണ്ടുകീറിയതിന്റെ ചിത്രങ്ങളും പരാതിക്കാർ പുറത്തുവിട്ടിട്ടുണ്ട്.