ദിബ്രുഗഢ്: 79-ാം സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല ജയത്തോടെ കേരളം ഫൈനലിൽ. സെമിഫൈനലിൽ കരുത്തരായ പഞ്ചാബിനെ ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് കേരളം പരാജയപ്പെടുത്തിയത്. തുടർച്ചയായ രണ്ടാം തവണയാണ് കേരളം ഫൈനലിൽ പ്രവേശിക്കുന്നത്.
ആദ്യപകുതിയിൽ തന്നെ മൂന്ന് ഗോളുകൾ നേടി കേരളം ആധിപത്യം ഉറപ്പിച്ചിരുന്നു. 15-ാം മിനുറ്റിൽ അർജുന്റെ കോർണറിൽ നിന്ന് അജ്സൽ ആദ്യ വെടി പൊട്ടിച്ചു. 34-ാം മിനുറ്റിൽ മറ്റൊരു കോർണറിലൂടെ റിയാസ് ലീഡ് വർധിപ്പിച്ചു. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് വിഘ്‌നേഷും ലക്ഷ്യം കണ്ടു. 74-ാം മിനുറ്റിൽ പഞ്ചാബ് താരം ഹർജിത് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് പഞ്ചാബിന് തിരിച്ചടിയായി. 83-ാം മിനുറ്റിൽ റിയാസ് തന്റെ രണ്ടാം ഗോളിലൂടെ പട്ടിക തികച്ചു.
ഫൈനൽ പോരാട്ടം:
ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ സർവീസസാണ് കേരളത്തിന്റെ എതിരാളികൾ. റെയിൽവേസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് സർവീസസ് ഫൈനലിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ സർവീസസിനോട് ഏറ്റ ഒരു ഗോൾ തോൽവിക്ക് ഫൈനലിൽ മറുപടി നൽകാനുറച്ചാകും കേരളം ഇറങ്ങുക. എട്ടാം കിരീടമാണ് കേരളം ലക്ഷ്യമിടുന്നത്.
വാർത്ത: കരുമ്പിൽ ലൈവ് ന്യൂസ് ഡെസ്ക്