കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്കായി സർക്കാർ നിർമ്മിച്ചുനൽകുന്ന ടൗൺഷിപ്പിന്റെ ഉദ്ഘാടനം മാറ്റിവെച്ചു. മറ്റന്നാൾ (ഫെബ്രുവരി 25) നടക്കാനിരുന്ന താക്കോൽദാന ചടങ്ങാണ് ഇപ്പോൾ മാർച്ച് ഒന്നിലേക്ക് മാറ്റിയിരിക്കുന്നത്.
ഉദ്ഘാടനം മാറ്റിവെച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് ബന്ധപ്പെട്ട വിവിധ വകുപ്പുകൾക്ക് അറിയിപ്പ് ലഭിച്ചത്. എന്നാൽ, തീയതി നീട്ടിവെക്കാനുള്ള കൃത്യമായ കാരണം ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.
ഉരുൾപൊട്ടലിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് നിർമ്മിക്കുന്ന ടൗൺഷിപ്പിന്റെ താക്കോൽദാനം ഫെബ്രുവരി 25-ന് നടക്കുമെന്നും, വരാനിരിക്കുന്ന മഴക്കാലത്തിന് മുൻപായി തന്നെ എല്ലാവർക്കും ഭൂമിയും വീടും നൽകി പൂർണ പുനരധിവാസം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. പുതിയ തീയതി പ്രഖ്യാപിച്ചതോടെ മാർച്ച് ഒന്നിന് പുനരധിവാസ പ്രവർത്തനങ്ങളുടെ ഔദ്യോഗിക തുടക്കമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാർത്ത: കരുമ്പിൽ ലൈവ് ന്യൂസ് ഡെസ്ക്