ന്യൂസ് ഡെസ്ക് 16- ഫെബ്രുവരി 2026 |
| മഞ്ചേശ്വരം പൈവളിക സ്വദേശി മുഹമ്മദ് |
കാസർകോട്: കാസർകോട് സ്വദേശിക്ക് ഇന്ത്യൻ പൗരത്വമില്ലെന്ന് ആരോപിച്ച് വ്യാജ പരാതി നൽകിയ ബിജെപി നേതാവിനെതിരെ കർശന നിയമനടപടിക്ക് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ഉത്തരവിട്ടു. ബിജെപി ജില്ലാ സെക്രട്ടറി ലോകേഷ് ലോണ്ടക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ നിർദ്ദേശം നൽകിയത്.
മഞ്ചേശ്വരം പൈവളിക സ്വദേശി മുഹമ്മദിനെതിരെയായിരുന്നു ലോകേഷ് ലോണ്ടയുടെ പരാതി. മുഹമ്മദിന് ഇന്ത്യൻ പൗരത്വമില്ലെന്നും അതിനാൽ വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'ഫോം–7' പ്രകാരമാണ് ഇദ്ദേഹം പരാതി സമർപ്പിച്ചത്.
സംഭവം ഇങ്ങനെ:
പരാതി ലഭിച്ചതിനെ തുടർന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഹിയറിംഗ് നടത്തി. എന്നാൽ ഹിയറിംഗിൽ ഹാജരായ ലോകേഷ് ലോണ്ടയ്ക്ക് തന്റെ ആരോപണം തെളിയിക്കാനുള്ള ഒരു രേഖയും ഹാജരാക്കാൻ സാധിച്ചില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ പരാതി വ്യാജമാണെന്നും തെറ്റായ വിവരങ്ങൾ നൽകി ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതാണെന്നും കണ്ടെത്തി.
ഇതേതുടർന്നാണ് മുഹമ്മദിന്റെ പേര് വോട്ടർപട്ടികയിൽ നിലനിർത്താനും, വ്യാജ പരാതിക്കാരനായ ബിജെപി നേതാവിനെതിരെ നിയമനടപടി സ്വീകരിക്കാനും കളക്ടർ ഉത്തരവിട്ടത്. വോട്ടർ പട്ടിക ശുദ്ധീകരണത്തിനുള്ള ഫോം–7 സംവിധാനം ദുരുപയോഗം ചെയ്ത് വ്യാജ വിവരങ്ങൾ നൽകിയാൽ കടുത്ത നടപടിയുണ്ടാകുമെന്ന് കളക്ടർ മുന്നറിയിപ്പ് നൽകി.
കൂടുതൽ വാർത്തകൾക്ക് കരുമ്പിൽ ലൈവ് ന്യൂസ് ഫോളോ ചെയ്യുക.