തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ അന്തിമ വോട്ടർപട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നാളെ പ്രസിദ്ധീകരിക്കും. 2002-ന് ശേഷം കേരളത്തിൽ ആദ്യമായി നടക്കുന്ന സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് (SIR) ശേഷം തയ്യാറാക്കുന്ന പട്ടികയാണ് നാളെ പുറത്തിറങ്ങുന്നത്.
2025 ഒക്ടോബറിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ 2.78 കോടി വോട്ടർമാരാണ് ഉണ്ടായിരുന്നത്. എന്നാൽ സമഗ്ര പരിഷ്കരണത്തിന്റെ ഭാഗമായി ബൂത്ത് ലെവൽ ഓഫീസർമാർ നടത്തിയ പരിശോധനയിൽ 24.08 ലക്ഷം പേരെ പട്ടികയിൽ നിന്ന് പുറത്താക്കിയിരുന്നു. മരിച്ചവരോ, സ്ഥലത്തില്ലാത്തവരോ, താമസം മാറിയവരോ ആയവരെ എ.എസ്.ഡി (ASD) പട്ടിക തയ്യാറാക്കിയാണ് ഒഴിവാക്കിയത്. ഇതോടെ ഡിസംബർ 23-ന് പുറത്തിറങ്ങിയ കരട് പട്ടികയിൽ വോട്ടർമാരുടെ എണ്ണം 2.54 കോടിയായി ചുരുങ്ങി. ഈ നടപടികളിൽ പാകപ്പിഴകളുണ്ടായതായി രാഷ്ട്രീയ പാർട്ടികൾ ആരോപിച്ചിരുന്നു. ഡിസംബർ 23 മുതൽ ജനുവരി 30 വരെ പേര് ചേർക്കാൻ നൽകിയ അവസരത്തിൽ എത്ര പേർ തിരികെ പട്ടികയിൽ ഇടംപിടിച്ചുവെന്ന് നാളത്തെ അന്തിമ പട്ടികയിൽ വ്യക്തമാകും.
കരട് പട്ടികയിൽ ഉൾപ്പെട്ടിരുന്ന 36.88 ലക്ഷം പേർക്ക് വിവിധ കാരണങ്ങളാൽ നോട്ടീസ് നൽകി ഹിയറിംഗ് നടത്തിയിരുന്നു. ഇതിന് ശേഷം മരിച്ചവർ, വിദേശ പൗരത്വം സ്വീകരിച്ചവർ, താമസം മാറിയവർ തുടങ്ങിയ നാൽപതിനായിരത്തോളം പേരെക്കൂടി പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന്:
തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ (സി.ഇ.ഒ) വിളിച്ചുചേർത്ത രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന് രാവിലെ 11 മണിക്ക് നടക്കും. നാളെ മുതൽ അന്തിമ വോട്ടർപട്ടികയുടെ പകർപ്പുകൾ രാഷ്ട്രീയ പാർട്ടികൾക്ക് നൽകാനുള്ള തയ്യാറെടുപ്പുകൾ സി.ഇ.ഒ ഓഫീസ് പൂർത്തിയാക്കി.
വാർത്ത: കരുമ്പിൽ ലൈവ് ന്യൂസ് ഡെസ്ക്