തിരൂരങ്ങാടി: തിരൂരങ്ങാടി സബ് ആർ.ടി ഓഫിസിലെ വ്യാപകമായ അഴിമതിക്കും ക്രമക്കേടുകൾക്കുമെതിരെ കേരള ഡെവലപ്മെൻ്റ് ഫോറം (KDF) സംസ്ഥാന ഭാരവാഹികൾ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന് പരാതി നൽകി.
വർഷങ്ങളായി ഒരേ കസേരയിൽ തുടരുന്ന ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഓഫിസിൽ അഴിമതി നടക്കുന്നത്. ഏജന്റുമാരില്ലാതെ നേരിട്ടെത്തുന്ന പൊതുജനങ്ങളെ ഉദ്യോഗസ്ഥർ ബോധപൂർവ്വം പ്രയാസപ്പെടുത്തുന്നതായും, ഏജന്റുമാർ വഴി വന്നാൽ നികുതിയിളവ് ഉൾപ്പെടെ ലഭിക്കുന്ന സാഹചര്യം നിലവിലുണ്ടെന്നും പരാതിയിൽ പറയുന്നു.
പ്രധാന ആരോപണങ്ങൾ:
- വ്യാജ ആർ.സി, വ്യാജ ഡ്രൈവിങ് ലൈസൻസ്, മീറ്റർ കൃത്രിമം എന്നിവ വ്യാപകമാണ്.
- ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിൽ വിവേചനം കാണിക്കുന്നു.
- പ്രവാസികൾ വ്യാപാരികൾക്ക് കൈമാറിയ വാഹനങ്ങളുടെ ആർ.സിയിലെ ഫോൺ നമ്പർ മാറ്റി നൽകി തട്ടിപ്പ് നടത്തുന്നു.
നേരത്തെ വിജിലൻസ് പരിശോധനയിൽ കൈക്കൂലി പിടികൂടിയിട്ടും അഴിമതി നിർബാധം തുടരുകയാണ്. വള്ളിക്കുന്ന് ഷറഫുദ്ദീൻ കെ.ഡി.എഫ് ഭാരവാഹികളെ കണ്ട് പരാതി അറിയിച്ചതിനെ തുടർന്നാണ് സംഘടന വിഷയത്തിൽ ഇടപെട്ടത്.
കെ.ഡി.എഫ് സംസ്ഥാന പ്രസിഡണ്ട് പി.എൻ അബ്ദുൽ അസീസ് കടലുണ്ടി, സെക്രട്ടറി അബ്ദുറഹീം പൂക്കത്ത്, ഭാരവാഹികളായ സുബൈർ പി.പി ആനങ്ങാടി, പി.എം അബ്ദുൽ ഷുക്കൂർ യൂണിവേഴ്സിറ്റി എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയത്. കുറ്റക്കാർക്കെതിരെ അടിയന്തര നടപടി വേണമെന്ന് സംഘം മന്ത്രിയോട് ആവശ്യപ്പെട്ടു.
ഫോട്ടോ : കെ.ഡി എഫ്. ഭാരവാഹികൾ ട്രാൻസ്പോർട്ട് മിനിസ്റ്റർ ക്ക് പ്രസിഡണ്ട് അബ്ദുൽ അസീസിന്റെ നേതൃത്വത്തിൽ പരാതി നൽകുന്നു.