| ജില്ലാ കലക്ടർ വി ആർ വിനോദിന് മനുഷ്യാവകാശ പ്രവർത്തകർ നിവേദനം നൽകുന്നു |
മലപ്പുറം :- വെട്ടിച്ചിറ ടോൾ പ്ലാസയിലെ ടോൾ പിരിവ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കാണിച്ച് മനുഷ്യാവകാശ പ്രവർത്തകർ മലപ്പുറം ജില്ലാ കളക്ടർ വി.ആർ വിനോദിന് പരാതി നൽകി.
NHAI 2008 ചട്ടപ്രകാരം രണ്ട് ടോൾ പ്ലാസകൾക്കിടയിൽ കുറഞ്ഞത് 60 കിലോമീറ്റർ ദൂരം ഉണ്ടായിരിക്കണം. എന്നാൽ വെട്ടിച്ചിറ ടോൾ പ്ലാസ മുതൽ പന്തീരങ്കാവ് ടോൾ പ്ലാസ വരെ 48 കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ. ഇത് നിയമവിരുദ്ധമാണ്. റോഡ് പണിയും സർവീസ് റോഡുകളുടെ നിർമ്മാണവും പൂർത്തിയാക്കുന്നതിന് മുമ്പാണ് ടോൾ പിരിവ് ആരംഭിച്ചിരിക്കുന്നത്. ഇത് സാധാരണക്കാർക്ക് അധിക സാമ്പത്തിക ബാധ്യതയും മനുഷ്യാവകാശ ലംഘനവുമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
മനുഷ്യാവകാശ പ്രവർത്തകരായ അബ്ദുറഹീം പൂക്കത്ത്, പി.എൻ. അബ്ദുൽ അസീസ് കടലുണ്ടി, നസറുദ്ധീൻ തങ്ങൾ, ഷുക്കൂർ പി.എം എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. പരാതി NHAI-യിലേക്ക് കൈമാറി വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് കളക്ടർ ഉറപ്പുനൽകി.