തിരൂരങ്ങാടി: അൻപത് വർഷത്തെ പാരമ്പര്യമുള്ള കാച്ചടി പി.എം.എസ്.എ.എൽ.പി. സ്കൂൾ പൊതുവിദ്യാഭ്യാസ രംഗത്തിന് വലിയ മാതൃകയാണെന്ന് കായിക-വഖഫ്-ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അഭിപ്രായപ്പെട്ടു. സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷമായ ‘ആർട്ടോപ്പിയ 2K26’ (Artopiaa 2K26) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാലയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷവും ദീർഘകാലം സ്കൂളിന്റെ വളർച്ചയ്ക്ക് നേതൃത്വം നൽകിയ ഹെഡ്മിസ്ട്രസ് കദിയുമ്മ ടീച്ചറുടെ യാത്രയയപ്പ് സമ്മേളനവും ഫെബ്രുവരി 5, 6 തീയതികളിലായി വിപുലമായ പരിപാടികളോടെയാണ് സംഘടിപ്പിച്ചത്. ചടങ്ങിൽ കെ.പി.എ. മജീദ് എം.എൽ.എ. മുഖ്യാതിഥിയായിരുന്നു.
പി ടി എ പ്രസിഡൻ്റ് സിറാജ് മുണ്ടത്തോടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം കൺവീനർ ശബീർ വി എം സ്വാഗതം പറഞ്ഞു.
സ്കൂൾ മാനേജർ കെ പി മുഹമ്മദ് കുട്ടി പദ്ധതികൾ വിശദീകരിച്ചു. ചടങ്ങിനോടനുബന്ധിച്ച് നടന്ന യാത്രയയപ്പ് - സാംസ്കാരിക സമ്മേളനത്തിൽ ഹെഡ്മിസ്ട്രസ് കദിയുമ്മ ടീച്ചർക്കുള്ള യാത്രയയപ്പും വിവിധ പുരസ്കാര സമർപ്പണങ്ങളും നടന്നു.
തിരൂരങ്ങാടി നഗരസഭ ചെയർപേഴ്സൺ ഹബീബ ബഷീർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സ്മിജി ഉണ്ണികൃഷ്ണൻ, മഞ്ചേരി നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ. ബീന ജോസഫ് എന്നിവർ ആശംസകൾ നേർന്നു. കൂടാതെ തിരൂരങ്ങാടി നഗരസഭ വൈസ് ചെയർമാൻ അബ്ദുറഹിമാൻകുട്ടി, തെന്നല പഞ്ചായത്ത് പ്രസിഡന്റ് ശരീഫ് വടക്കയിൽ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റിഫ ഫത്താഹ് കെ.കെ. എന്നിവരും വിവിധ കൗൺസിലർമാരും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.
പൂർവ്വ വിദ്യാർത്ഥി-പൂർവ്വാധ്യാപക സംഗമം കൂടിയായി മാറിയ ഈ ചടങ്ങിൽ എ.ഇ.ഒ ബിന്ദു കെ, മോഹനൻ വെന്നിയൂർ, അഡ്വ. ഇബ്രാഹിം കുട്ടി തുടങ്ങി നിരവധിയാളുകൾ പങ്കെടുത്തു.
സ്റ്റാഫ് സെക്രട്ടറി ലീന വി.എം. ചടങ്ങിന് നന്ദി രേഖപ്പെടുത്തി.