കോഹിനൂർ മേൽപ്പാലം നാടിന്റെ ആവശ്യം: കെ.ഡി.എഫ് നേതാക്കൾ ദേശീയപാത അതോറിറ്റി സി.ഇ.ഒയെ കണ്ടു; വിശദമായ പ്ലാൻ സമർപ്പിച്ചു

എൻ എച്ച് എ ഐ യുടെ കേരള സിഇഒ എ കെ ജാൻ ബാസ്ന്ന് കേരള ഡെവലപ്മെന്റ് ഫോറം കേരള സംസ്ഥാന പ്രസിഡണ്ട് പി എൻ അബ്ദുൽ അസീസ് കടലുണ്ടിയുടെ നേതൃത്വത്തിൽ ഭാരവാഹികൾ നിവേദനം നൽകുന്നു


തിരുവനന്തപുരം: ദേശീയപാത 66-ൽ കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് സമീപം കോഹിനൂറിൽ എയർപോർട്ട് റോഡ് ജംഗ്ഷനിൽ ആറുവരിപ്പാതയ്ക്ക് കുറുകെ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ മേൽപ്പാലം നിർമ്മിക്കണമെന്ന ആവശ്യവുമായി കേരള ഡെവലപ്മെന്റ് ഫോറം (കെ.ഡി.എഫ്). ഈ ആവശ്യമുന്നയിച്ച് കെ.ഡി.എഫ് ഭാരവാഹികൾ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (NHAI) കേരള സി.ഇ.ഒ എ.കെ ജാൻബാസുമായി തിരുവനന്തപുരത്തെ ഓഫീസിൽ കൂടിക്കാഴ്ച നടത്തി നിവേദനം നൽകി.

കാലിക്കറ്റ് സർവ്വകലാശാല, അതിന് കീഴിലുള്ള വിവിധ സ്കൂളുകൾ, എഞ്ചിനീയറിംഗ് കോളേജ്, സെന്റ് പോൾസ് എച്ച്.എസ്.എസ്, കോയപ്പ സ്കൂൾ, പുത്തൂർ യു.പി സ്കൂൾ, പുത്തൂർ പള്ളിക്കൽ എച്ച്.എസ്.എസ് തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രധാന കവാടമാണ് കോഹിനൂർ. അമ്പതിനായിരത്തിലധികം വിദ്യാർത്ഥികളും രക്ഷിതാക്കളും പൊതുജനങ്ങളും ആശ്രയിക്കുന്ന ഇവിടെ വാഹന സൗകര്യം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ഭാരവാഹികൾ സി.ഇ.ഒയെ അറിയിച്ചു. നേരത്തെ ഹൈക്കോടതി നിർദ്ദേശമുണ്ടായിട്ടും ജനങ്ങളെ കേൾക്കാതെയാണ് എൻ.എച്ച്.എ.ഐ ഇവിടെ പണികൾ പൂർത്തീകരിച്ചതെന്നും അവർ ചൂണ്ടിക്കാട്ടി.

നിലവിലെ ദേശീയപാത, സർവ്വകലാശാല, ആരാധനാലയങ്ങൾ, നിലവിലെ യൂണിവേഴ്സിറ്റി മേൽപ്പാലം, നിർദ്ദിഷ്ട കോഹിനൂർ മേൽപ്പാലം, പാണമ്പ്ര അടിപ്പാത എന്നിവ കൃത്യമായി അടയാളപ്പെടുത്തിയ രേഖാചിത്രം കെ.ഡി.എഫ് പ്രസിഡന്റ് പി.എൻ അബ്ദുൽ അസീസ് സി.ഇ.ഒയ്ക്ക് മുന്നിൽ അവതരിപ്പിച്ചു. പാണമ്പ്ര ഭാഗത്ത് നിന്നും വരുമ്പോൾ സർവ്വകലാശാലയുടെ ഇടതുഭാഗത്തോട് ചേർന്ന് എയർപോർട്ട് റോഡിലേക്കും സർവ്വകലാശാലയിലേക്കും തിരിയുന്ന രീതിയിലുള്ള മേൽപ്പാലത്തിന്റെ രൂപരേഖയാണ് സമർപ്പിച്ചത്.


കോഴിക്കോട് മുതൽ കൂരിയാട് വരെയുള്ള പാതയിൽ കെ.ഡി.എഫ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള മറ്റ് പ്രശ്നങ്ങളും ഉന്നയിച്ചു. സമാന്തര പാതയിലെ അപാകതകൾ പരിഹരിക്കുക, കൈവഴികളിലേക്കുള്ള പ്രവേശനം സുഗമമാക്കുക, മേൽപ്പാലങ്ങൾ ഗ്രാമീണ റോഡുകളുമായി ബന്ധിപ്പിക്കുക, ഓട്ടോ-ടാക്സി പാർക്കിംഗ് സൗകര്യം വർദ്ധിപ്പിക്കുക, ബോർഡുകളിലെ അക്ഷരത്തെറ്റുകൾ തിരുത്തുക, കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ സൗകര്യമൊരുക്കുക തുടങ്ങിയ ആവശ്യങ്ങളും ചിത്രങ്ങൾ സഹിതം ബോധിപ്പിച്ചു.

​രണ്ട് മണിക്കൂറോളം നീണ്ട ചർച്ചയിൽ പ്രസിഡണ്ട് പി.എൻ അബ്ദുൽ അസീസ് കടലുണ്ടി, സെക്രട്ടറി അബ്ദുറഹീം പൂക്കത്ത്, ഷൈനി പട്ടാളത്തിൽ, പി.പി സുബൈർ ആനങ്ങാടി, പി.എം ഷുക്കൂർ, നസറുദ്ദീൻ തങ്ങൾ കൊട്ടന്തല എന്നിവർ പങ്കെടുത്തു.

വാർത്ത: കരുമ്പിൽ ലൈവ് ന്യൂസ് ഡെസ്ക്

Previous Post Next Post
WhatsApp