വെന്നിയൂർ-കക്കാട് 11 കെ.വി ലൈൻ അപകടഭീഷണി: പരിഹാരമായി 'കവേർഡ് കണ്ടക്ടർ' പദ്ധതിയുമായി കെ.എസ്.ഇ.ബി; ലൈൻ ദേശീയപാതയിലേക്ക് മാറ്റണമെന്ന് ജനപ്രതിനിധികൾ



തിരൂരങ്ങാടി: നൂറിലേറെ വീടുകൾക്ക് മുകളിലൂടെ കടന്നുപോകുന്ന വെന്നിയൂർ - കക്കാട് 11 കെ.വി (HT) ഓവർഹെഡ് വൈദ്യുതി ലൈനിന്റെ അപകടഭീഷണി ഒഴിവാക്കാൻ പുതിയ പദ്ധതിയുമായി കെ.എസ്.ഇ.ബി. വെന്നിയൂർ സെക്ഷന് കീഴിൽ കക്കാട് ജംഗ്ഷൻ വരെയുള്ള ലൈൻ 'കവേർഡ് കണ്ടക്ടർ' (Covered Conductor) ഉപയോഗിച്ച് സുരക്ഷിതമാക്കുന്ന പദ്ധതി 2026-27 വർഷത്തെ ദ്യുതി (Dyuthi) സ്പെഷ്യൽ പാക്കേജിന്റെ ഡി.പി.ആറിൽ ഉൾപ്പെടുത്തിയതായി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

​നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങലിനെയാണ് രേഖാമൂലം ഇക്കാര്യം അറിയിച്ചത്.

ഏറെ കാലപ്പഴക്കമുള്ള ഈ ലൈൻ പലപ്പോഴും പൊട്ടിവീണ് വലിയ അപകട ഭീഷണി സൃഷ്ടിച്ചിരുന്നു. വീടുകൾക്ക് മുകളിലൂടെ ലൈൻ കടന്നുപോകുന്നതിലെ ആശങ്ക ചൂണ്ടിക്കാട്ടി ഡെപ്യൂട്ടി ചീഫ് എൻജിനീയർക്കും, മുഖ്യമന്ത്രിയുടെ സി.എം.ഒ പോർട്ടലിലും പരാതി നൽകിയിരുന്നു. ലൈൻ പൂർണ്ണമായും ദേശീയപാതയോരത്തേക്ക് മാറ്റണമെന്ന് കെ.പി.എ മജീദ് എം.എൽ.എയും ജനപ്രതിനിധികളും ആവശ്യപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബി സംഘം സ്ഥലം പരിശോധിച്ചിരുന്നു.

ലൈനുകൾ കവേർഡ് കണ്ടക്ടർ ആക്കുന്നതിലൂടെ അപകടങ്ങൾ പൂർണ്ണമായും ഒഴിവാക്കാനാകുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ വ്യക്തമാക്കി. ഗ്രൗണ്ട് ക്ലിയറൻസ് ഇല്ലാതെ താഴ്ന്ന നിലയിൽ എച്ച്.ടി ലൈൻ പോകുന്ന പോസ്റ്റുകൾ ഉണ്ടെങ്കിൽ അത് ശ്രദ്ധയിൽപ്പെടുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

​അതേസമയം, ലൈൻ പൂർണ്ണമായും ദേശീയപാതയിലേക്ക് തന്നെ മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ജനപ്രതിനിധികൾ. ഇക്കാര്യം ഉന്നയിച്ച് ഇഖ്ബാൽ കല്ലുങ്ങൽ, എം.പി ഹംസ, റിഫ ഫാത്തിമ എന്നിവർ കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എൻജിനീയറെ നേരിൽ കണ്ട് വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്.

വാർത്ത: കരുമ്പിൽ ലൈവ് ന്യൂസ് ഡെസ്ക്

Previous Post Next Post
WhatsApp